യുഎഇയിലെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസുകൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ അബുദാബിയിൽ നിന്ന് ദുബൈയിലേക്കായിരിക്കും ട്രെയിനുകൾ ഓടുക. പരീക്ഷണ ഓട്ടങ്ങൾ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായതോടെ, സുരക്ഷയ്ക്കും യാത്രാ സുഖത്തിനും മുൻഗണന നൽകി ആഗോള നിലവാരത്തിലുള്ള അത്യാധുനിക സാങ്കേതിക വിദ്യകളാണ് ട്രെയിനുകളിൽ ഒരുക്കിയിരിക്കുന്നത്.
ആദ്യഘട്ട സർവീസുകൾ അബുദാബി-ദുബൈ സെക്ടറിലായിരിക്കും. തുടർന്ന് കിഴക്കൻ തീരത്തെ ഫുജൈറയിലേക്കും സർവീസ് വ്യാപിപ്പിക്കും. ജനസാന്ദ്രതയും യാത്രാ ആവശ്യവും കൃത്യമായി വിലയിരുത്തിയാണ് ഈ റൂട്ടുകൾ തിരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ 11 നഗരങ്ങളെയും പ്രധാന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് ഈ റെയിൽ പാത കടന്നുപോകുന്നത്.
യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. വിമാനയാത്രയ്ക്ക് സമാനമായ അനുഭവം നൽകുന്നതിനായി ഫസ്റ്റ്, ബിസിനസ്, ഇക്കോണമി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള സീറ്റുകൾ ലഭ്യമായിരിക്കും. കുടുംബാംഗങ്ങൾക്ക് മുഖാമുഖം ഇരുന്ന് സംസാരിക്കാവുന്ന ഫാമിലി സീറ്റുകളാണ് ട്രെയിനിന്റെ പ്രധാന ആകർഷണം. വലിയ ബാഗുകൾ സൂക്ഷിക്കാനുള്ള വിമാനത്തിലേതിന് സമാനമായ ലഗേജ് സ്റ്റോറേജ്, അതിവേഗ വൈഫൈ, ചാർജിംഗ് പോയിന്റുകൾ, സ്മാർട്ട് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഭക്ഷണശാലകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
എകദേശം 400 പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുക. അബുദാബി-ദുബൈ യാത്ര റോഡ് മാർഗം ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ എടുക്കുമ്പോൾ, ട്രെയിൻ വഴി വെറും 50 മിനിറ്റായി കുറയും. അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റുകൊണ്ട് എത്തിച്ചേരാം. വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യുന്നവർക്ക് യാത്രാ സമയം ലാഭിക്കാനും ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനും ഇത് സഹായിക്കും.
റോഡിലെ പാർക്കിംഗ് ഫീസും മറ്റ് നിയമലംഘനങ്ങൾക്കുള്ള പിഴകളും ഒഴിവാക്കാനും ഈ പദ്ധതി സഹായിക്കും. മനോഹരമായ മണൽക്കാടുകളും നഗരക്കാഴ്ചകളും ആസ്വദിച്ച് യാത്ര ചെയ്യാനാകുമെന്നത് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമാണ്.
ചരക്ക് നീക്കത്തിലൂടെ റോഡുകളിലെ വലിയൊരു വിഭാഗം വാഹനങ്ങളെ ഒഴിവാക്കാൻ ഇത്തിഹാദ് റെയിലിന് സാധിച്ചു. 2026-ൽ മാത്രം 18 ലക്ഷം ടൺ സൾഫറും 40 ലക്ഷം ടൺ അഗ്രഗേറ്റുകളും ട്രെയിൻ വഴി കൊണ്ടുപോയിട്ടുണ്ട്. ഇത് 3,40,000 ട്രക്കുകളുടെ യാത്ര ഒഴിവാക്കാൻ സഹായിച്ചു. കാർബൺ പുറന്തള്ളലിൽ 70 മുതൽ 80 ശതമാനം വരെ കുറവുണ്ടായതും യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് വലിയ കരുത്തേകുന്നു. നാല് പ്രധാന തുറമുഖങ്ങളുമായും വ്യവസായ കേന്ദ്രങ്ങളുമായും നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ഈ ശൃംഖല കുറഞ്ഞ ചെലവിൽ വേഗത്തിൽ ചരക്ക് നീക്കം സാധ്യമാക്കുന്നു.
Photo and News Source: Kvartha










