ചെന്നൈ: തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഡി.എം.കെയിൽ നിന്നും വിട്ട് വിജയിയുടെ ടി.വി.കെയുടെ പിന്തുണയിലേക്ക് ചേക്കേറിയെങ്കിലും, ഡി.എം.കെയുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്ന ഉറച്ച നിലപാട് മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. ഡി.എം.കെ മുന്നണിക്ക് അധികാരം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും, സഖ്യത്തിൽ മാറ്റമുണ്ടാകില്ലെന്ന് ലീഗിന്റെ ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ വ്യക്തമാക്കി. "ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്ന് സ്റ്റാലിനൊപ്പമാണ്, നാളെയും സ്റ്റാലിനൊപ്പം തന്നെയായിരിക്കും" എന്നദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ഉറപ്പിച്ചുകൊണ്ട് നടൻ വിജയിയുടെ ടി.വി.കെ 100-ലധികം സീറ്റുകൾ നേടി ശക്തി തെളിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ, സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് ടി.വി.കെയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതോടെയാണ് ഡി.എം.കെ സഖ്യത്തിൽ വിള്ളൽ വീഴാൻ കാരണമായത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ടി.വി.കെ നേതൃത്വം മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ബന്ധപ്പെടുകയുണ്ടായി.

എന്നാൽ, തമിഴ്‌നാട് ഘടകത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന നിലപാടാണ് ലീഗ് സ്വീകരിച്ചതെന്ന് ഖാദർ മൊയ്തീൻ വ്യക്തമാക്കി. മത്സരിച്ച രണ്ട് സീറ്റുകളിലും പാപനാശം, വാണിയമ്പാടി എന്നിവിടങ്ങളിൽ മികച്ച വിജയം നേടിയ ലീഗ്, നിലവിലെ രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും ഡി.എം.കെയുമായുള്ള സഖ്യത്തിൽ ഉറച്ചുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡി.എം.കെയുമായുള്ള ബന്ധം നിലനിർത്തുകയെന്നതാണ് ലീഗിന്റെ പ്രധാന ലക്ഷ്യം എന്നും അദ്ദേഹം ben അറിയിച്ചു.

Photo and News Source: Siraj Live