കല്യാണം, ടൂർ, ആംബുലൻസ് തുടങ്ങിയ ഒട്ടനവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഫോഴ്‌സ് ട്രാവലർ വാഹനം മലയാളികൾക്ക് പരിചിതമാണ്. ഈ വാഹനം ഡ്രൈവർമാർക്ക് വരുമാന മാർഗവുമായെന്നത് പ്രത്യേകം. ഫോഴ്‌സ് മോട്ടോർസ് ഇപ്പോൾ ഇന്ത്യയിൽ പുതിയ ട്രാവലർ N ലൈനപ്പ് പുറത്തിറക്കിയിരിക്കുന്നു. ഒന്നിലധികം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ പുതിയ മോഡൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആംബുലൻസുകൾ, സ്കൂൾ ബസ്, കാർഗോ മൂവ്‌മെന്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ വാഹനം ഉപയോഗിക്കാൻ കഴിയും. ഈ മാസം പകുതിയോടെ മോഡലുകൾക്കായുള്ള ബുക്കിംഗുകൾ രാജ്യത്തുടനീളം ആരംഭിക്കുമെന്നാണ് ഫോഴ്‌സ് മോട്ടോർസ് അറിയിച്ചിരിക്കുന്നത്. ഉപഭോക്തൃ ഡെലിവറികളും അധികം വൈകാതെ തന്നെ തുടങ്ങും. വില 14.62 ലക്ഷം രൂപ മുതൽ 19 ലക്ഷം രൂപ വരെയാണ്. ദൈനംദിന ഉപയോഗക്ഷമതയെ കൂടുതൽ മെച്ചപ്പെടുത്തുന്ന ശ്രദ്ധേയമായ അപ്‌ഗ്രേഡുകളോടെയാണ് പുതിയ ട്രാവലർ N അവതരിപ്പിച്ചിരിക്കുന്നത്. ഓപ്പറേറ്റർമാർ, ഡ്രൈവർമാർ, യാത്രക്കാർ എന്നിവരിൽ നിന്നുള്ള ഫീഡ്‌ബാക്ക് അനുസരിച്ചാണ് വാഹനത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നതെന്നും ഫോഴ്‌സ് മോട്ടോർസ് പറയുന്നു.

പുതിയ ട്രാവലർ N-ലെ ഏറ്റവും പ്രകടമായ മാറ്റം ക്യാബിനിലാണ്. യാത്രകൾ കൂടുതൽ മികവുറ്റതാക്കുവാൻ കാർ പോലെ തോന്നിപ്പിക്കുന്ന വിധത്തിൽ ട്രാവലറിന്റെ അകത്തളം പുനർനിർമിച്ചിരിക്കുന്നു. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനൊപ്പം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും സംയോജിപ്പിച്ചാണ് പുതിയ ഡാഷ്‌ബോർഡ് ലേഔട്ട് ഒരുക്കിയിരിക്കുന്നത്. മെച്ചപ്പെട്ട എർഗണോമിക്‌സോടെ സീറ്റിംഗ് പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇത് യാത്രാസുഖം വർധിപ്പിക്കും. അധിക ഇൻസുലേഷനും പരിഷ്‌ക്കരണങ്ങളും ശബ്‌ദം, വൈബ്രേഷൻ, കാഠിന്യം എന്നിവയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. പുതിയ HVAC സിസ്റ്റം അവതരിപ്പിച്ചതോടെ കൂളിംഗും മെച്ചപ്പെട്ടിട്ടുണ്ട്. ചൂടുകൂടിയ വേനൽക്കാലത്തെ യാത്രകൾക്ക് കൂടുതൽ സുഖകരമാണ്.

എക്സ്റ്റീരിയറിലേക്ക് നോക്കിയാൽ പുതിയ ഫോഴ്‌സ് ട്രാവലർ N ലൈനപ്പിൽ സൂക്ഷ്മമായ ചില പരിഷ്ക്കാരങ്ങൾ കാണാനാവും. മുൻവശത്ത് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും എൽഇഡി ഇൻഡിക്കേറ്ററുകളും ഉൾക്കൊള്ളുന്ന റീഡിസൈൻ ചെയ്ത ഫാസിയ കാണാം. പിൻഭാഗത്തുള്ള മെച്ചപ്പെടുത്തലുകൾ അപ്‌ഡേറ്റ് ചെയ്ത രൂപത്തെ കൂടുതൽ ഗ്ലാമറാക്കുന്നു. മോഡുലാർ നിർമാണത്തോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത മോൾഡഡ് റൂഫ് ഘടന ശ്രേണിയിലുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഇത് പ്രായോഗികത വർധിപ്പിക്കുന്നു. ട്രാവലർ N വിപുലമായ എഞ്ചിനീയറിംഗ് പരിഷ്ക്കാരങ്ങളും അവതരിപ്പിക്കുന്നു. മെച്ചപ്പെട്ട ഷീറ്റ് മെറ്റൽ നിർമ്മാണം ഉപയോഗിച്ച് ബോഡി ഘടന കിടിലമാക്കിയിരിക്കുന്നു. പുതിയ രൂപകൽപ്പനയിലൂടെയും നിർമാണ സാങ്കേതിക വിദ്യകളിലൂടെയും ജോയിന്റുകളുടെ എണ്ണം കുറക്കുകയും ചെയ്‌തു. ഇത് മികച്ച കാഠിന്യം, ഈട്, മൊത്തത്തിലുള്ള നിർമാണ നിലവാരം എന്നിവയ്ക്ക് കാരണമാകുന്നു. റോബോട്ടിക്സ്, ഓട്ടോമേറ്റഡ് ഡോർ ഹെമ്മിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളും ഉൾപ്പെടുത്തിയിരിക്കുന്നു.

Photo and News Source: DriveSpark