കുവൈത്തിൽ ശൈത്യകാലം വേനൽക്കാലത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി 'സരായത്' സീസൺ ശക്തമാകുന്നു. മെയ് അവസാനം വരെ പൊടിക്കാറ്റും കാലാവസ്ഥാ വ്യതിയാനവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആസ്ത്മ, അലർജി പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റിലെ അതിസൂക്ഷ്മ കണികകൾ ശ്വാസകോശത്തിന്റെ ആഴത്തിലേക്ക് പ്രവേശിച്ച് ശ്വാസംമുട്ടൽ, കഫക്കെട്ട് എന്നിവ ഉണ്ടാക്കുമെന്ന് ഡോ. അബ്ദുള്ള അൽ മുതൈരി വ്യക്തമാക്കി.
മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതാണ് രോഗങ്ങളെ തടയാനുള്ള ഏക മാർഗ്ഗമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ കാലാവസ്ഥാ വ്യതിയാനം മെയ് അവസാനം വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു.
ശക്തമായ കാറ്റ്, ഇടിമിന്നലോടൊപ്പമുള്ള മഴ, പൊടിക്കാറ്റ് എന്നിവ ഈ സീസണിന്റെ പ്രത്യേകതയാണ്. വാഹനയാത്രക്കാരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. അന്തരീക്ഷത്തിലെ പൊടിയുടെ അളവ് കൂടുന്നത് കാഴ്ചപരിധി കുറയ്ക്കുമെന്നതിനാൽ ജാഗ്രത അത്യാവശ്യമാണ്.
Photo and News Source: Asianet News










