പാലക്കാട്: കോങ്ങാട്ടെ യു.ഡി.എഫ്. സ്ഥാനാർഥി കെ.എ. തുളസി താമസം മാറാൻ ഒരുങ്ങുകയായിരുന്നു. രാവിലത്തെ തിരക്കിനിടെ ഭർത്താവും പാലക്കാട് എം.പി.യുമായ വി.കെ. ശ്രീകണ്ഠൻ വോട്ടെണ്ണൽ കേന്ദ്രമായ എൻ.എസ്.എസ്. എൻജിനിയറിങ് കോളേജിലെത്തി. വിജയിച്ച സർട്ടിഫിക്കറ്റ് വാങ്ങി പ്രവർത്തകരുമായി ആഘോഷിച്ചു. രാത്രി വീട്ടിലെത്തിയെങ്കിലും ചൊവ്വാഴ്ച രാവിലെ പുതിയ വീട്ടിൽ കയറാനുള്ള ഒരുക്കങ്ങൾ തുടർന്നു.
ചൊവ്വാഴ്ച രാവിലെ മുതൽ കൽമണ്ഡപം മീനാനഗറിലെ 34-ാം നമ്പർ വീട് കൃഷ്ണനിവാസ് എന്ന പേരിലാണ്. എം.പി.യുടെയും എം.എൽ.എ.യുടെയും വീടായി മാറുന്നു. പാലുകാച്ചൽ കഴിഞ്ഞാൽ അടുത്ത സുഹൃത്തുക്കൾക്കായി പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ട്. ഷൊർണൂർ സ്വദേശിയായ ശ്രീകണ്ഠനും ചേലക്കര സ്വദേശിനി തുളസിയും 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷമാണ് വിവാഹിതരായത്. ശ്രീകണ്ഠന്റെ വീട്ടുപേര് കൃഷ്ണനിവാസ് എന്നാണ്. നെന്മാറ എൻ.എസ്.എസ്. കോളേജ് ചരിത്രവിഭാഗം മേധാവിയായിരുന്ന തുളസി രണ്ടുവർഷം പ്രിൻസിപ്പലായും പ്രവർത്തിച്ചു.
Photo and News Source: Mathrubhumi









