ശ്വാസനാളികളിലെ അമിത പ്രതികരണം മൂലം ശ്വാസതടസ്സമുണ്ടാക്കുന്ന രോഗമാണ് ആസ്ത്മ. ശ്വാസനാളികളിൽ നീർക്കെട്ട്, പേശികളുടെ ചുരുക്കം, കഫം കട്ടിയാവൽ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. ശ്വാസനാളികളുടെ വ്യാസം കുറയുകയും വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യും. നീരുകെട്ടിയ ശ്വാസനാളിയിൽ നിന്ന് കഫം ഉത്പാദിപ്പിക്കപ്പെടുന്നു. ഈ അവസ്ഥയിൽ പേശികൾ പെട്ടെന്ന് സങ്കോചിക്കുകയും ശ്വാസനാളികളുടെ വ്യാസം കുറയുകയും ചെയ്യും.
ഇടവിട്ടുള്ള ശ്വാസതടസ്സം, ചുമ, ശ്വാസംമുട്ടൽ, ഉയർന്ന പിച്ചിലുള്ള വിസിൽ ശബ്ദം എന്നിവയാണ് ആസ്ത്മയുടെ ലക്ഷണങ്ങൾ. ഏത് പ്രായത്തിലും ഈ രോഗം ഉണ്ടാകാം. കുടുംബത്തിൽ ആസ്ത്മയോ അലർജികളോ ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. മുതിർന്നവരിൽ പുതുതായി കാണപ്പെടുന്ന ആസ്ത്മയുടെ 10 ശതമാനവും തൊഴിൽ സ്ഥലവുമായി ബന്ധപ്പെട്ടതാണ്.
ആസ്ത്മയെ കൂടുതൽ വഷളാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയെ ആസ്ത്മ ട്രിഗറുകൾ എന്ന് വിളിക്കുന്നു. പൊടിപടലങ്ങൾ, പൂപ്പലുകൾ, രോമമുള്ള മൃഗങ്ങൾ, പാറ്റ, പൂമ്പൊടി എന്നിവ സാധാരണ ട്രിഗറുകളാണ്. ശ്വാസകോശ സംബന്ധമായ അണുബാധകളും അലർജികളും ആസ്ത്മ ലക്ഷണങ്ങളെ ഉത്തേജിപ്പിക്കും. ട്രിഗറുകളെ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യുന്നത് രോഗം തടയാൻ അത്യാവശ്യമാണ്.
Photo and News Source: Mathrubhumi









