യുഎഇയിലെ ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിനെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് എണ്ണ സംഭരണശാലയിൽ വൻ തീപിടുത്തമുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച്, നാല് മിസൈലുകളിൽ മൂന്നെണ്ണം ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് തകർക്കാൻ യുഎഇ സേനയ്ക്ക് സാധിച്ചു.
ഡ്രോൺ ആക്രമണത്തെ തുടർന്ന് ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിൽ ഉണ്ടായ തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് സംഘം മണിക്കൂറുകളോളം പരിശ്രമിച്ചു. ഇറാന്റെ പ്രകോപനപരമായ കടന്നുകയറ്റത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തിയായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും നേരെയുള്ള ഭീഷണികളെ യുഎഇ വെച്ചുപൊറുക്കില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിരീക്ഷിച്ചു. മേഖലയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയിരിക്കുന്നു.
Photo and News Source: Sathyam Online










