ഗുവാഹത്തി | അസമിൽ നിലനിന്നിരുന്ന ഭരണവിരുദ്ധ വികാരം വെറും മിഥ്യയാണെന്ന് തെളിഞ്ഞു. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്തി. കോൺഗ്രസിന്റെ നേതൃത്വത്തിൽ ആറ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു ശക്തമായ പോരാട്ടം നടത്തിയെങ്കിലും എൻ.ഡി.എയുടെ മുന്നേറ്റത്തിന് മുന്നിൽ അവർ പരാജയപ്പെട്ടു.
അഞ്ചുവർഷമായി കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. നേതാക്കളുടെ കൂടുമാറ്റം കാരണം ദുർബലമായ കോൺഗ്രസിന് തിരഞ്ഞെടുപ്പിന് ആഴ്ചകൾ മുമ്പ് മാത്രമാണ് പ്രതിപക്ഷ സഖ്യത്തിന് രൂപം നൽകാൻ കഴിഞ്ഞത്. വികസന അജണ്ടയും അസ്തിത്വ രാഷ്ട്രീയവും മുഖ്യമായിരുന്നു ബി.ജെ.പിയുടെ പ്രചാരണത്തിൽ.
ബി.ജെ.പി പരാജയപ്പെട്ടാൽ രാഷ്ട്രീയമായും ഭൂമി കൈയേറ്റത്തിലൂടെയും ‘മിയകൾ’ (ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങൾ) വീണ്ടും ആധിപത്യം സ്ഥാപിക്കുമെന്ന് വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകി. ഇതോടെ ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ ഏകീകരിക്കുന്നതിൽ ബി.ജെ.പി വിജയിച്ചു. അഞ്ചുവർഷത്തിനിടെ ആയിരക്കണക്കിന് ‘മിയ’ വിഭാഗക്കാരെ ഒഴിപ്പിച്ച് 93,620 ഏക്കർ ഭൂമി തിരിച്ചുപിടിച്ചു. സംസ്ഥാന ജനസംഖ്യയുടെ 33 ശതമാനം മുസ്ലിങ്ങളുടെ വോട്ടിനെ അവഗണിച്ച് ‘മിയ’ വിഭാഗത്തെ ലക്ഷ്യമാക്കിയായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ രാഷ്ട്രീയം. ‘ഞാൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ മിയകൾക്ക് സമാധാനം ഉണ്ടാകില്ല. മിയാ കുടിയേറ്റക്കാരെ വേട്ടയാടുകയാണ് എന്റെ ജോലി’ എന്ന പ്രസ്താവന പോലും അദ്ദേഹം നടത്തിയിരുന്നു.
Photo and News Source: Siraj Live










