ഗോവയിലെ ധര്‍ബന്ദോര വനമേഖലയിൽ കടുവയുടെ അഴുകിയ ജഡം കണ്ടെത്തി. ആഗ്ലോട്ട് ഗ്രാമത്തിനടുത്തായിരുന്നു കണ്ടെത്തൽ. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും വനത്തിനുള്ളിൽ തിരച്ചിൽ ശക്തമാക്കുകയും ചെയ്തു.
മരണകാരണം വ്യക്തമല്ല. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. കടുവയുടെ പല്ലുകളും നഖങ്ങളും നഷ്ടപ്പെട്ടതായി സംശയമുയർന്നെങ്കിലും, ജഡം അഴുകിയതിനാലോ മറ്റ് മൃഗങ്ങള്‍ ഭക്ഷിച്ചതിനാലോ ആകാം.
ഗോവയിൽ സ്ഥിരതാമസക്കാരായ കടുവകളില്ലെന്ന സര്‍ക്കാരിന്റെ വാദത്തിനിടയിലും 2009-ന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആറാമത്തെ കടുവ മരണമാണിത്. മഹാവീര്‍ വന്യജീവി സങ്കേതത്തിനു പുറത്തുള്ള സ്വകാര്യ വനമേഖലയിലാണ് ജഡം കണ്ടെത്തിയത്. ടൈഗര്‍ റിസര്‍വ് പ്രഖ്യാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. 2020-ൽ നാല് കടുവകളെ വിഷം കൊടുത്തു കൊന്ന സംഭവത്തിന് ശേഷം ബോംബെ ഹൈക്കോടതി ടൈഗര്‍ റിസര്‍വ് വിജ്ഞാപനം ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. എന്നാൽ ഗോവ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Photo and News Source: Janam TV










