കോഴിക്കോട്: ഇടതുപക്ഷ അനുഭാവികളായ ഒരു വിഭാഗം ചില മണ്ഡലങ്ങളിൽ യു ഡി എഫിന് വോട്ട് ചെയ്തതായി സി പി എം നേതാവും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസക് വ്യക്തമാക്കി. എല്‍ ഡി എഫിന്റെ കോട്ടകളിലുണ്ടായ വോട്ട് ചോർച്ചയാണ് ഇതിന്റെ തെളിവ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷമുള്ള തെറ്റുതിരുത്തൽ പ്രവർത്തനങ്ങൾ വിജയകരമായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്‍ ഡി എഫിന്റെ ചരിത്രത്തിലെ കനത്ത പരാജയങ്ങളിലൊന്നാണിത്. കേരള ചരിത്രത്തിലെ ഏറ്റവും മികച്ച വികസന മുന്നേറ്റത്തിന്റെ ദശകത്തിന്റെ അവസാനമാണ് ഈ തിരിച്ചടി. സാമൂഹിക-ക്ഷേമ വികസനവും പശ്ചാത്തല സൗകര്യനിർമ്മാണവും അന്യാദൃശമായിരുന്നു. ഇത്തരമൊരു അനുഭവം മുമ്പുണ്ടായിട്ടില്ല.
എല്‍ ഡി എഫ് വികസനത്തിന്റെ രാഷ്ട്രീയത്തെ ചർച്ച ചെയ്യാൻ ശ്രമിച്ചെങ്കിലും യു ഡി എഫിന്റെ ദുഷ്പ്രചാരണത്തിനാണ് മേൽകൈ ലഭിച്ചത്. ബി ജെ പി-എല്‍ ഡി എഫ് ഡീലിനെക്കുറിച്ച് യു ഡി എഫ് നടത്തിയ നട്ടാല്‍ കുരുക്കാത്ത നുണപ്രചാരണമാണ് ഇതിൽ പ്രധാനം. ബി ജെ പിയുടെ മൂന്ന് സീറ്റ് വിജയത്തിന് എല്‍ ഡി എഫ് രണ്ടാം സ്ഥാനത്തായിരുന്നു. 2021-നെ അപേക്ഷിച്ച് യു ഡി എഫിന്റെ വോട്ടിന്റെ മൂന്നിലൊന്ന് കുറവായിരുന്നു കഴക്കൂട്ടത്തും നേമത്തും. ഇടതുപക്ഷ അനുഭാവികളായ വിഭാഗത്തിന്റെ വോട്ടും യു ഡി എഫിന് ലഭിച്ചതായി തെളിഞ്ഞു.
Photo and News Source: Siraj Live








