ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ വിലക്ക് ഇന്നുമുതൽ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ-യുഎസ് ചർച്ചയ്ക്കായി ഇറാൻ മുമ്പ് മുന്നോട്ടുവച്ച നിർദ്ദേശങ്ങളെ ട്രംപ് നിരാകരിച്ചു. ഹോർമുസ് തുറക്കുന്നതിനും ഉപരോധങ്ങൾ നീക്കുന്നതിനുമൊപ്പം ആണവ ചർച്ചയും പുനരാരംഭിക്കാനുള്ള നിർദ്ദേശങ്ങളായിരുന്നു അവ. ഇറാൻ ഈ നിർദ്ദേശങ്ങൾ തള്ളിയതിനെത്തുടർന്നാണ് കപ്പലുകളെ യുഎസ് സംരക്ഷണയിലൂടെ പുറത്തേക്കു നയിക്കാനുള്ള തീരുമാനം. ഇറാൻ ഇതൊരു യുദ്ധപ്രഖ്യാപനമായി വിശേഷിപ്പിച്ചെങ്കിലും പ്രതികരണം പ്രഖ്യാപിച്ചില്ല. അമേരിക്കയുടെ മറുപടി പഠിക്കുമെന്ന് ഇറാൻ അറിയിച്ചു.
ക്രൂഡ് ഓയിൽ വില 108 ഡോളറിനടുത്ത് ചാഞ്ചാടുകയാണ്. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരം കഴിഞ്ഞ വാരം 24,208.50-ൽ അവസാനിച്ചു. ഇന്ന് രാവിലെ 24,293 വരെ ഉയർന്ന ശേഷം വീണ്ടും ഇടിഞ്ഞു. നിഫ്റ്റി ഇന്ന് നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇറാൻ-യുഎസ് നയതന്ത്ര നീക്കങ്ങൾ മന്ദഗതിയിലാണെങ്കിലും അവ തുടരുകയാണ്. കഴിഞ്ഞ ആഴ്ച യുഎസ് വിപണി നേട്ടത്തിൽ തുടർന്നു. വ്യാഴാഴ്ച മൂന്ന് സൂചികകളും മികച്ച മുന്നേറ്റം നടത്തി. വെള്ളിയാഴ്ച ഡൗ ജോൺസ് താഴുകയും മറ്റു രണ്ട് സൂചികകൾ ഉയരുകയും ചെയ്തു. എസ്&പി 21.11 പോയിന്റ് ഉയർന്ന് 7230.12-ൽ അവസാനിച്ചു. നാസ്ഡാക് 222.13 പോയിന്റ് കയറി 25,114.44-ൽ ക്ലോസ് ചെയ്തു.
Photo and News Source: Dhanam










