കൊൽക്കത്ത: തീവ്രവും നാടകീയവുമായ രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷിയായ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം രാജ്യമൊട്ടാകെ ഉറ്റുനോക്കുന്നു. സംസ്ഥാനത്തെ വോട്ടെണ്ണൽ ദിനം അവിശ്വാസത്തിന്റേയും സംഘർഷഭീതിയുടേയും പരമാവധിയാണ്. വൻ സുരക്ഷാ സംവിധാനമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. 2021-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 108-ൽ നിന്നും 77 ആയി വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചിരിക്കുന്നു. സുരക്ഷാ കാരണങ്ങളാൽ ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളെ മാത്രം പരിഗണിച്ചതിനാലാണെന്നാണ് കമ്മിഷന്റെ വാദം. ഫലപ്രഖ്യാപനം വൈകുമോയെന്ന ആശങ്കയുമുണ്ട്.
293 മണ്ഡലങ്ങളിലെ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കപ്പെടും. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിയോഗിക്കപ്പെടുന്നവരിൽ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും ഉണ്ടാകും. സുപ്രീംകോടതി ഈ നിഷ്കർഷ പാലിക്കണമെന്ന് നിർദ്ദേശിച്ചു. ഓരോ മേശയിലും മൈക്രോ ഒബ്സർവറായി ഒരു കേന്ദ്ര സർക്കാർ ജീവനക്കാരൻ ഉണ്ടാകും. 242 നിരീക്ഷകരിൽ 165 പേർ അധിക നിരീക്ഷകരും 77 പേർ പോലീസ് നിരീക്ഷകരുമാണ്. വോട്ടെണ്ണൽ കേന്ദ്രം വിട്ടുപോകരുതെന്നാണ് തൃണമൂൽ നേതാക്കളുടെ നിർദ്ദേശം.
Photo and News Source: Mathrubhumi









