2017 ജൂലൈ ഒന്നിന് നടപ്പിലാക്കിയ ജിഎസ്ടി നിയമം ഭാരതത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കി. നികുതി വ്യവസ്ഥ ഏകീകരിച്ചതോടൊപ്പം ഗതാഗത മേഖലയിലും വിപ്ലവകരമായ പരിവർത്തനങ്ങൾ സൃഷ്ടിച്ചു.
സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളുടെ ഇല്ലായ്മയാണ് ഈ പരിഷ്‌കാരത്തിന്റെ പ്രധാന നേട്ടം. ജിഎസ്ടി നടപ്പിലാകുന്നതിന് മുമ്പ് ഓരോ സംസ്ഥാനത്തിനും സ്വന്തം നികുതി സംവിധാനങ്ങളുണ്ടായിരുന്നു. വാറ്റ്, എന്‍ട്രി ടാക്‌സ്, ഓക്ട്രോയ് എന്നിവ കാരണം ചെക്ക് പോസ്റ്റുകൾ അനിവാര്യമായിരുന്നു. ട്രക്കുകളുടെ നിരവധി രേഖകൾ പരിശോധിക്കേണ്ടതും മണിക്കൂറുകളോളം കാത്തുകിടക്കേണ്ടതും പതിവായിരുന്നു. ഇതോടെ ഗതാഗതച്ചെലവ് കൂടുകയും വിതരണം വൈകുകയും ചെയ്തു.
ജിഎസ്ടി നടപ്പിലായതോടെ ഭൂരിഭാഗം ചെക്ക് പോസ്റ്റുകളും നീക്കം ചെയ്യപ്പെട്ടു. ഇ-വേ ബില്‍ സംവിധാനം കൊണ്ടുവന്നതിലൂടെ ഡിജിറ്റല്‍ രീതിയില്‍ ചരക്കുകളുടെ ഗതാഗതം നിരീക്ഷിക്കാന്‍ സാധിച്ചു. സംസ്ഥാനങ്ങൾക്കിടയില്‍ തടസമില്ലാത്ത ഗതാഗതം സാധ്യമായി. യാത്രാസമയം ഗണ്യമായി കുറയുകയും ലോജിസ്റ്റിക് ചെലവുകള്‍ ഏറെ കുറയുകയും ചെയ്തു.
ജിഎസ്ടി നിയമം നടപ്പിലായതോടെ ചരക്ക് വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഗതാഗത നിയന്ത്രണത്തില്‍ പുതിയ വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ജിപിഎസ് ട്രാക്കറുകള്‍, ആര്‍എഫ്‌ഐഡി ടാഗുകള്‍, ഫാസ്റ്റാഗ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങളുടെ സഞ്ചാരം തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവും വലിയ പരിവർത്തനമുണ്ടാക്കി. ടോള്‍ പ്ലാസകളില്‍ നിര്‍ത്താതെ സ്വയമേവ പണമടയ്‌ക്കാനുള്ള സംവിധാനവും ഇതോടെ സാധ്യമായി.
Photo and News Source: Janmabhumi









