പെരുമ്പാവൂരിലെ കൂവപ്പടി മഹാഗണപതിക്ഷേത്രത്തിൽ പ്രശാന്ത് വർമ്മയുടെ 'മാനസജപലഹരി' പരിപാടി നടന്നു. തമിഴ് നാട്ടിലെ ചിദംബരം ക്ഷേത്രത്തിലെ പുരോഹിതരുടെ നേതൃത്വത്തിൽ നടന്ന നവചണ്ഡികാഹോമത്തിന്റെ അവസാന ദിവസമായിരുന്നു ഇത്.
മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന പരിപാടിയിൽ വർമ്മാജി ശാസ്ത്രീയ സംഗീതത്തിന്റെ ചട്ടക്കൂടിൽ പാരമ്പര്യ ഭജന ശൈലി സമന്വയിപ്പിച്ചു. ലളിതമായ ശീലുകളും ഗാംഭീര്യമുള്ള താളക്രമങ്ങളും കൊണ്ട് സാധാരണക്കാർക്ക് ആസ്വദിക്കാവുന്ന രീതിയിലായിരുന്നു ആലാപനം. ഭക്തരെ കൈയ്യടിപ്പിച്ച് നാമജപങ്ങളിൽ പങ്കാളികളാക്കുന്ന അദ്ദേഹത്തിന്റെ ശൈലി നവ്യമായ അനുഭവമായി.
തമിഴ്, തെലുങ്ക്, മലയാളം, സംസ്കൃതം ഭാഷകളിലെ പ്രശസ്തമായ കീർത്തനങ്ങളും നാമജപങ്ങളും ഉൾക്കൊണ്ട പരിപാടിയിൽ ദേവീസ്തുതികൾ, ഗണപതി കീർത്തനങ്ങൾ, കൃഷ്ണഭജനകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. സനാതന ധർമ്മ പ്രചാരകരെയും നവോത്ഥാന നായകരെയും പ്രകീർത്തിക്കുന്ന ഗാനങ്ങളും പാടി. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കച്ചേരിയാൽ അനുഗ്രഹീതമായ ഈ ക്ഷേത്രത്തിൽ വർമ്മാജി പാടിയത് പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
Photo and News Source: Sathyam Online









