തിരുവനന്തപുരം മൃഗശാലയിൽ പെൺകടുവ മരണപ്പെട്ടു. ജനവാസ മേഖലയിലെ പ്രശ്നത്തെ തുടർന്ന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് പിടികൂടിയ പെൺ കടുവയെ 2025 ജനുവരിയിൽ മൃഗശാലയിൽ എത്തിച്ചു. പരിക്കുകൾ ഭേദമായെങ്കിലും കോമ്പല്ലുകൾ നഷ്ടപ്പെട്ടതിനാൽ കാട്ടിലേക്ക് തിരികെ വിടാതെ പരിപാലിച്ചു വരികയായിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. കരൾ രോഗബാധയുമുണ്ടായിരുന്നതിനാൽ ആന്റിബയോട്ടിക്കുകൾ ഫലപ്രദമായില്ല. ശനിയാഴ്ച രാവിലെ ആറുമണിയോടെ അവസ്ഥ വഷളായി.
പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ അക്യൂട്ട് ബ്രോങ്കോ ന്യുമോണിയ ആണ് മരണ കാരണമെന്ന് വെറ്ററിനറി സർജൻമാർ സ്ഥിരീകരിച്ചു. വൈകീട്ട് നാലുമണിയോടെ ദഹിപ്പിച്ചു. മൃഗശാല ഡയറക്ടറും ഉദ്യോഗസ്ഥരും അന്തിമോപചാരം അർപ്പിച്ചു. ഇനി ശ്രാവൺ എന്ന വെള്ളക്കടുവയും രണ്ട് ബംഗാൾ കടുവകളുമാണ് മൃഗശാലയിലുള്ളത്.
Photo and News Source: Mathrubhumi









