ന്യൂഡൽഹി: രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ചുകൊണ്ട് കേന്ദ്രസർക്കാർ.
ദുരന്തസമയത്ത് തത്സമയം വിവരങ്ങൾ നൽകാനുള്ള സംവിധാനത്തിന്റെ പരീക്ഷണത്തിലാണ്. രാജ്യമെമ്പാടുമുള്ള ഫോണുകളിൽ ഒരേസമയം സൈറൺ മുഴങ്ങി. ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ചേർന്നാണ് പരീക്ഷണം നടത്തിയത്. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ എല്ലാ മൊബൈൽ ഫോണുകളിലേക്കും അടിയന്തര മുന്നറിയിപ്പുകൾ ഒരേസമയം നൽകാനുള്ള സംവിധാനമാണിത്.
അസാധാരണ ശബ്ദത്തോടെയുള്ള മുന്നറിയിപ്പ് സന്ദേശം ലഭിച്ചു. ഭയപ്പെടുകയോ മറുപടി നൽകുകയോ ചെയ്യേണ്ടതില്ല. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളിൽ സന്ദേശങ്ങൾ ലഭിക്കും. ‘സചേത്’ എന്ന പേരിലുള്ള പ്ലാറ്റ്ഫോം ‘സി-ഡോട്ട്’ വികസിപ്പിച്ചെടുത്തത്. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തനസജ്ജമാണ്.
പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, ചുഴലിക്കാറ്റ് തുടങ്ങിയ സാഹചര്യങ്ങളിൽ ജനങ്ങൾക്ക് തത്സമയം വിവരം നൽകാനാണ് ഈ സംവിധാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പരീക്ഷണങ്ങൾ വിജയകരമാകുമ്പോൾ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് വേഗത്തിൽ മുന്നറിയിപ്പ് നൽകാൻ സാധിക്കും.
Photo and News Source: Janmabhumi










