ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ശാരീരിക ഘടനയെ മാറ്റിമറിക്കുന്നതായി പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ 150 വർഷമായി മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ മൂലം മനുഷ്യന്റെ ശരാശരി ഉയരം വർദ്ധിച്ചുവെങ്കിലും, ആഗോളതാപനം മൂലം വരും തലമുറയുടെ ഉയരം കുറയുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ദക്ഷിണേഷ്യയിലെ 5 വയസ്സിന് താഴെയുള്ള രണ്ട് ലക്ഷത്തിലധികം കുട്ടികളിൽ നടത്തിയ പഠനത്തിൽ ഭയപ്പെടുത്തുന്ന വസ്തുതകൾ കണ്ടെത്തി. ഗർഭസ്ഥ ശിശുക്കൾക്കു മുതലേ അമിതമായ ചൂടും ഈർപ്പവും വളർച്ചയെ ബാധിക്കുന്നുണ്ടെന്നാണ് പഠനത്തിൽ വ്യക്തമാക്കിയത്. ഗർഭകാലത്ത് അമ്മമാർ നേരിടുന്ന ചൂട് കുഞ്ഞിന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കും.

35 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയും അധിക ഈർപ്പവും ഗർഭസ്ഥ ശിശുവിന്റെ വികാസം തടസ്സപ്പെടുത്തുന്നു. ഇത്തരമൊരു കാലാവസ്ഥാ സാഹചര്യത്തിൽ ജനിക്കുന്ന കുട്ടികളുടെ ഉയരം 13 ശതമാനം വരെ കുറയുമെന്ന് പഠനത്തിൽ പറയുന്നു. ഗർഭാവസ്ഥയിൽ അനുഭവപ്പെടുന്ന ശാരീരിക സമ്മർദ്ദം കുട്ടികളുടെ പോഷക ആഗിരണത്തെയും വളർച്ചാ ഹോർമോണുകളെയും ബാധിക്കും.

Photo and News Source: Kvartha