എയര്‍ ഇന്ത്യ രാജ്യാന്തര സർവീസുകളിൽ വലിയ വെട്ടിക്കുറവ് വരുത്താൻ തീരുമാനിച്ചു. വിമാന ഇന്ധനവിലയിലും വ്യോമപാത നിയന്ത്രണങ്ങളിലും ഉണ്ടായ വർധനയാണ് ഇതിനുള്ള പ്രധാന കാരണം. വരുന്ന ജൂലൈ മാസം വരെ ഈ നിയന്ത്രണം തുടരുമെന്ന് എയര്‍ ഇന്ത്യയുടെ സിഇഒ കാമ്പ്ബെൽ വിത്സൺ അറിയിച്ചു.

ലാഭകരമല്ലാത്ത റൂട്ടുകളിലെ വിമാനങ്ങൾ റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ മിക്ക രാജ്യാന്തര സർവീസുകളും വലിയ നഷ്ടത്തിലാണ് ഓടുന്നതെന്ന് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിലൂടെ വിത്സൺ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷം കാരണം വിമാനങ്ങൾക്ക് ദീർഘദൂര പാതകൾ സ്വീകരിക്കേണ്ടി വരുന്നു. ഇത് ഇന്ധന ഉപയോഗം വർദ്ധിപ്പിക്കുകയും പ്രവർത്തനച്ചെലവ് കൂട്ടുകയും ചെയ്തു.

എയര്‍ ഇന്ത്യ ഗ്രൂപ്പ് 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 22,000 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിക്കുകയും ചെയ്താൽ മാത്രമേ സർവീസുകൾ പഴയപടിയാക്കാൻ സാധിക്കൂ എന്നും വിത്സൺ കൂട്ടിച്ചേർത്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും പ്ലാനുകളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നതിനാൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

Photo and News Source: Kerala Online News