ഹിമാലയത്തിന്റെ മഞ്ഞുപാളികൾ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ICIMOD) പുറത്തുവിട്ട റിപ്പോർട്ടിൽ 2025 നവംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മഞ്ഞിന്റെ സാന്നിധ്യം 27.8% കുറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.
മഞ്ഞുരുകൽ കാരണം 200 കോടി ജനങ്ങളുടെ കുടിവെള്ളവും കൃഷിയും അപകടത്തിലാകുമെന്ന മുന്നറിയിപ്പാണ് ഗവേഷണ ഏജൻസികൾ നൽകുന്നത്. ഹിമാലയത്തിൽ നിന്നൊഴുകുന്ന നദികളെ ആശ്രയിച്ചാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങൾ ജീവിക്കുന്നത്. മഞ്ഞുവീഴ്ച കുറയുന്നത് വെറുമൊരു കാലാവസ്ഥാ വ്യതിയാനമല്ല, ഏഷ്യയുടെ ജലസുരക്ഷയ്ക്ക് ഭീഷണിയാണ്.
ഹിമാലയൻ നദികളിലെ ജലവൈദ്യുത പദ്ധതികൾ തടസ്സപ്പെടുന്നതോടെ ദശലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിലാകാനുള്ള സാധ്യതയുണ്ട്. ഉപരിതല ജലം കുറയുന്നതോടെ ഭൂഗർഭജലത്തിന്റെ അമിതമായ ഉപയോഗം വർദ്ധിക്കും. കാബൂൾ മുതൽ കൊൽക്കത്ത വരെയുള്ള കൃഷി, ജലവൈദ്യുത പദ്ധതികൾ, കുടിവെള്ള വിതരണം എന്നിവയ്ക്ക് ഈ മഞ്ഞുരുകൽ ഗുരുതരമായ ഭീഷണിയാണ്. കാലാവസ്ഥാ വിദഗ്ധർ ഈ പ്രതിസന്ധിയെ ‘ജലസുരക്ഷയുടെ തകർച്ച’ എന്ന് വിശേഷിപ്പിക്കുന്നു.
Photo and News Source: Janmabhumi








