വാഷിംഗ്ടണിൽ നിന്നും വന്ന വാർത്ത: ഇറാനുമായി സമാധാനപരമായ ഒത്തുതീർപ്പിനായി ടെഹ്‌റാൻ സമർപ്പിച്ച നിർദ്ദേശങ്ങളെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയെറിഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, ഇറാന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിനുള്ളിൽ നിലവിലുള്ള കടുത്ത ഭിന്നതയാണ് ശാശ്വത പരിഹാരത്തിന് തടസമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നും നാലും ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്ന ഇറാൻ നേതൃത്വത്തിന് കൃത്യമായ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും ട്രംപ് പരിഹസിച്ചു.
ഇറാനുമായി ഇനി രണ്ട് വഴികളേ ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നുകിൽ ശക്തമായ സൈനിക നടപടിയിലൂടെ അവരെ തകർക്കുക, അല്ലെങ്കിൽ ഒരു കരാറിലെത്തുക. ബോംബാക്രമണം പുനരാരംഭിക്കാൻ തനിക്ക് താൽപ്പര്യമില്ലെങ്കിലും, യുഎസ് സെൻട്രൽ കമാൻഡിൽ നിന്ന് സൈനിക നീക്കങ്ങൾക്കുള്ള പുതിയ പ്ലാനുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി.
Photo and News Source: Sathyam Online









