കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് മണ്ഡലങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിട്ടു. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീ പോളിങ് നടത്തുന്നത്. ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പ് അസാധുവാക്കിയതിനെ തുടർന്ന് മേയ് 2-ന് വീണ്ടും വോട്ടെടുപ്പ് നടത്തും.

ശനിയാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരിക്കും വോട്ടെടുപ്പ്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 58(2) പ്രകാരം വോട്ടെടുപ്പ് അസാധുവാക്കിയത്. ബിജെപി, സിപിഎം സ്ഥാനാർത്ഥികളുടെ ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന ആരോപണവും ഉയർന്നു. ഡയമണ്ട് ഹാർബറിലെ ഫൽത്ത മണ്ഡലത്തിലെ ബൂത്തിൽ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവനുസരിച്ച്, ചെണ്ട കൊട്ടി വിളംബരം ചെയ്യുകയും സ്ഥാനാർത്ഥികളെ രേഖാമൂലം അറിയിക്കുകയും വേണം. ബംഗാളിൽ വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേടുകൾ നടന്നെന്ന പരാതിയും ഉയർന്നിരുന്നു.

Photo and News Source: Mathrubhumi