ബെംഗളൂരു | രാജ്യത്തിൻ്റെ ദുരന്തനിവാരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻ.ഡി.എം.എ) മെയ് 2-ന് ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണം നടത്തുന്നു. വ്യാഴാഴ്ച നടക്കുന്ന ഈ പരിശോധനയിൽ പൗരന്മാരുടെ മൊബൈൽ ഫോണുകളിലേക്ക് ഉച്ചത്തിലുള്ള ബീപ്പോടുകൂടിയ സന്ദേശങ്ങൾ എത്തും. ഇത്തരം സന്ദേശങ്ങൾ ലഭിക്കുമ്പോൾ പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സി.ഡോട്ട് (C-DOT) എന്ന സ്ഥാപനവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ പരീക്ഷണത്തിൽ സെൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റത്തിന്റെ കാര്യക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരു നിവാസികൾക്ക് ഇതിനെക്കുറിച്ചുള്ള എസ്.എം.എസ്. ലഭിച്ചിരുന്നു. 2023-ലും സമാനമായ പരീക്ഷണം ബെംഗളൂരുവിൽ നടന്നിരുന്നു.
ഇന്ത്യയിൽ നടപ്പിലാക്കിയ ‘സച്ചേത്’ (SACHET) എന്ന ഇന്റഗ്രേറ്റഡ് അലർട്ട് സിസ്റ്റത്തിന്റെ ഭാഗമായാണ് ഈ നടപടി. അടുത്തിടെ ബെംഗളൂരുവിൽ ഉണ്ടായ കനത്ത മഴയിൽ മതിലിടിഞ്ഞ് ഏഴ് പേർ മരിച്ച സംഭവത്തെ തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ഈ സംവിധാനം.
Photo and News Source: Siraj Live










