റാഞ്ചി സ്വദേശിയായ ഏഴുവയസുകാരൻ ഇഷാങ്ക് സിംഗ്, ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നും ഇന്ത്യയിലെ ധനുഷ്കോടി വരെയുള്ള 29 കിലോമീറ്റർ ദൂരം വെറും 9 മണിക്കൂർ 50 മിനിറ്റിൽ നീന്തിക്കടന്നു.
പാക് കടലിടുക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നീന്തിക്കടന്ന പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോർഡ് ഇഷാങ്ക് സ്വന്തമാക്കി. യൂണിവേഴ്സൽ റെക്കോർഡ് ഫോറം (URF) ഇഷാങ്കിന്റെ നേട്ടം അംഗീകരിച്ച് ‘Youngest and Fastest Palk Strait Swimmer’ എന്ന സർട്ടിഫിക്കറ്റ് നൽകി.
ഏപ്രിൽ 30-നായിരുന്നു ഈ നീന്തൽ പ്രകടനം. റാഞ്ചിയിലെ ധുർവ ഡാമിൽ ദിവസവും നാല് മുതൽ അഞ്ച് മണിക്കൂർ വരെ പരിശീലനം നടത്തിയാണ് ഇഷാങ്ക് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. പരിശീലകരായ അമൻ കുമാർ ജയ്സ്വാൾ, ബജ്‌റംഗ് കുമാർ എന്നിവരുടെ മാർഗനിർദ്ദേശത്തിൽ തയ്യാറായി.
റാഞ്ചിയിലെ ഡി.എ.വി ശ്യാമളി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഇഷാങ്കിന്റെ നേട്ടം സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ എല്ലാവരും പ്രശംസിച്ചു. ബംഗാൾ ഉൾക്കടലിനും മാന്നാർ ഉൾക്കടലിനുമിടയിലെ വെല്ലുവിളികൾ ഇഷാങ്ക് അതിജീവിച്ചതോടെ സോഷ്യൽ മീഡിയയിലൂടെയും പൊതുജനങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ ലഭിച്ചു.
Photo and News Source: Janam TV










