ന്യൂഡൽഹിയിൽ വച്ച് ഇന്ത്യയും ഇറ്റലിയും 2026-27 വരെയുള്ള ഉഭയകക്ഷി സൈനിക സഹകരണ കരാറിൽ ഒപ്പുവച്ചു. ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗുഡോ ക്രോസെറ്റോയും ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചേർന്ന ചർച്ചയിലാണ് ഈ കരാറിന് രൂപം കൊടുത്തത്.
കര, നാവിക, വ്യോമ സേനകളുടെ സഹകരണം വർദ്ധിപ്പിക്കാനായി കൂടുതൽ സംയുക്ത സൈനികാഭ്യാസങ്ങളും പരിശീലന പരിപാടികളും നടത്തും. ഇറ്റാലിയൻ കമ്പനി ഫിന്കാന്തേരി ഇന്ത്യൻ കപ്പൽശാലകളുമായി ചേർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി ആധുനിക കപ്പലുകൾ നിർമ്മിക്കും.
ഗ്രീൻ പ്രൊപ്പൽഷൻ, ആന്റി ഡ്രോൺ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിനായി ഗുരുഗ്രാമിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്ററിലൂടെ തത്സമയ വിവരങ്ങൾ കൈമാറാനും തീരുമാനിച്ചു.
ഇന്ത്യയുടെ 'ആത്മനിർഭർ ഭാരത്' ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇറ്റലിയുടെ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുമെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഉന്നതതല ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകൾ കൃത്യമായ ഇടവേളകളിൽ ഉറപ്പാക്കുമെന്നും കരാറിലുണ്ട്.
Photo and News Source: Janam TV










