ന്യൂഡൽഹി: ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാന രൂപീകരണ ദിനാചരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ആശംസിച്ചു. ഇന്ത്യയുടെ വികസന പാതയിൽ ഈ സംസ്ഥാനങ്ങൾ നൽകുന്ന സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവെച്ച പ്രത്യേക സന്ദേശത്തിൽ അദ്ദേഹം ഇരു സംസ്ഥാനങ്ങളുടെയും പുരോഗതിക്കായി പ്രാർത്ഥന അർപ്പിച്ചു.

ഗുജറാത്തിന്റെ സമ്പന്നമായ ചരിത്രത്തെയും സംസ്‌കാരത്തെയും അദ്ദേഹം പ്രകീർത്തിച്ചു. ‘ഗുജറാത്തിന്റെ ഉജ്ജ്വല ചരിത്രവും സംരംഭകത്വവും ഇന്ത്യയുടെ വളർച്ചയിൽ നിർണായകമാണ്. വരും കാലങ്ങളിൽ സംസ്ഥാനം പുതിയ ഉന്നതികളിലേക്ക് കുതിക്കട്ടെ,’ എന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയുടെ സാംസ്‌കാരിക സമ്പന്നതയെയും സാമൂഹിക ഉണര്‍വിനെയും അദ്ദേഹം എടുത്തുപറഞ്ഞു. സാഹിത്യം, സംഗീതം, സിനിമ, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സംഭാവനകൾ ഇന്ത്യയുടെ വളർച്ചയ്ക്ക് അടിത്തറയിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയുടെയും അവിടുത്തെ ജനങ്ങളുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

1960 മെയ് 1-ന് ഭാഷാടിസ്ഥാനത്തിൽ ബോംബെ സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ രൂപീകൃതമായി. ഓരോ വർഷവും മെയ് 1-ന് സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കുന്നു.

Photo and News Source: Janam TV