ചെന്നൈ: തമിഴ് സംഗീത സംവിധായകനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് ഗായിക സ്വാഗത കൃഷ്ണ വെളിപ്പെടുത്തി. ‘മദ്രാസിലെ എപ്സ്റ്റീൻ’ എന്ന് വിശേഷിപ്പിച്ച സംഗീത സംവിധായകൻ തന്റെ സ്റ്റുഡിയോ മുറിയിൽവെച്ച് ആക്രമണം നടത്തിയെന്നും അവർ ആരോപിച്ചു. ശബ്ദപ്രതിരോധ ശേഷിയുള്ള സ്റ്റുഡിയോയിൽ നിന്നും തന്റെ നിലവിളി ആരും കേൾക്കാത്തതായി ഗായിക പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും അവർ വെളിപ്പെടുത്തി.

സംഗീത സംവിധായകൻ തന്റെ വിശ്വാസം നേടിയ ശേഷം ശാരീരികമായി ആക്രമിക്കുമായിരുന്നു. സ്ത്രീകളിൽ നിന്നും കടം വാങ്ങി തിരിച്ചു നൽകാത്തതും അയാളുടെ തന്ത്രമായിരുന്നു. മറ്റു സ്ത്രീകളിൽ നിന്നും സമാന അനുഭവങ്ങൾ കേട്ടതായും സ്വാഗത പറഞ്ഞു. സ്റ്റുഡിയോയിൽ വരുന്ന കുട്ടികളെപ്പോലും ചൂഷണം ചെയ്ത് രഹസ്യമായി റെക്കോഡ് ചെയ്യുന്നത് അയാളുടെ ഹോബിയായിരുന്നു. ഈ സംഭവത്തെത്തുടർന്ന് തമിഴ് സിനിമാലോകം ഉപേക്ഷിച്ച് ഋഷികേശിലേക്ക് താമസം മാറിയെന്നും അവർ സൂചിപ്പിച്ചു.

യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വാഗത കൃഷ്ണ ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. തന്റെ അനുഭവം ഒറ്റപ്പെട്ടതല്ലെന്നും മറ്റ് സ്ത്രീകളെയും സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

Photo and News Source: Malayalam Express