ഇസ്ലാമാബാദ്: പാകിസ്താൻ ഇപ്പോൾ നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധിയെ ഇന്ത്യയുമായി താരതമ്യം ചെയ്ത് പാക് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് തുറന്നു സമ്മതിച്ചു. ഇറാൻ യുദ്ധത്തെ തുടർന്നുള്ള എണ്ണവില വർധനയെ നേരിടാൻ ഇന്ത്യയ്ക്ക് ശക്തമായ വിദേശ നാണ്യശേഖരവും ദീർഘകാല എണ്ണശേഖരവും ഉണ്ടെന്നും, സ്വന്തമായി എണ്ണശേഖരമില്ലാത്ത പാകിസ്താൻ ഐഎംഎഫ് വായ്പാ നിബന്ധനകളിൽ ഇളവ് തേടിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ കുറിച്ച് സംസാരിക്കവെ, 'ഇന്ത്യയ്ക്ക് 600 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ശേഖരമുണ്ട്. കൂടാതെ, അവർ തന്ത്രപ്രധാനമായ എണ്ണശേഖരവും സൂക്ഷിക്കുന്നു. ഇത് പ്രതിസന്ധി നേരിടാൻ സഹായിക്കുന്നു. അവർ ഐഎംഎഫ് പദ്ധതിയുടെ ഭാഗമല്ലാത്തതിനാൽ, എണ്ണവില വർധിച്ചപ്പോൾ നികുതി കുറച്ച് ആഘാതം കുറയ്ക്കാൻ അവർക്കു കഴിഞ്ഞു' എന്നും മന്ത്രി വ്യക്തമാക്കി.
രണ്ടു രാജ്യങ്ങളുടെയും ഊർജ്ജ നയങ്ങളിലും സാമ്പത്തിക ആസൂത്രണത്തിലും വലിയ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയ്ക്ക് ഏകദേശം 60 ദിവസത്തേക്കുള്ള എണ്ണശേഖരമുണ്ടെങ്കിൽ, പാകിസ്താനാകട്ടെ 20 ദിവസത്തിനുള്ളിൽ തന്നെ എണ്ണം തീരുമെന്ന സ്ഥിതിയാണ്.
Photo and News Source: Mathrubhumi










