ഇടുക്കി: പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാ പൗർണമി ഉത്സവം ആഘോഷിക്കപ്പെട്ടു. ചൈത്ര മാസത്തിലെ ചിത്തിര നാളിലെ പൗർണമി ദിവസം മാത്രമേ ഭക്തർക്ക് ഈ പുരാതന കണ്ണകി ക്ഷേത്രം സന്ദർശിക്കാൻ കഴിയൂ. കേരളത്തിലും തമിഴ്‌നാട്ടിലുമായി പതിനായിരക്കണക്കിന് ഭക്തർ ഒഴുകിയെത്തി.

കേരളവും തമിഴ്‌നാടും സംയുക്തമായി സംഘടിപ്പിച്ച ഈ ഉത്സവത്തിൽ ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ കേരള, തമിഴ്‌നാട് രീതികളിലുള്ള പൂജകൾ ഒരേസമയം നടന്നു. പുലർച്ചെ അഞ്ചരയോടെ ക്ഷേത്രനട തുറന്ന് ആചാരപരമായ ചടങ്ങുകൾ ആരംഭിച്ചു. മംഗളാദേവി പ്രതിഷ്ഠയുള്ള ശ്രീകോവിലിലും ഗണപതി, ശിവപാർവതി സങ്കല്പത്തിലുള്ള പെരുമാള് കോവിലുകളിലും കേരളരീതിയിലുള്ള പൂജകൾ നടത്തി.

തന്ത്രി സൂര്യകാലടി മന ജയസൂര്യൻ ഭട്ടതിരിപ്പാടും മേൽശാന്തി മൂലത്തടം എം.എൻ. നാരായണൻ നമ്പൂതിരിയും പൂജകൾക്ക് നേതൃത്വം നൽകി. അടുത്തുള്ള രണ്ടാമത്തെ ശ്രീകോവിലിൽ തമിഴ്‌നാട് രീതിയിലുള്ള പൂജാവിധികൾ നടത്തി. രാജരാജ ചോളൻ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹാകവാടവും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

Photo and News Source: Samakalika Malayalam