ബെംഗളൂരുവിലെ പ്രശസ്ത പുസ്തകശാല ‘ബുക്ക് വേം’ വെള്ളപ്പൊക്കത്തിൽ മുങ്ങി. അയ്യായിരത്തോളം പുസ്തകങ്ങൾ നശിക്കുകയുണ്ടായി. വേനലവധി വിപണിക്കായി എത്തിച്ച പുതിയ പുസ്തകങ്ങളായിരുന്നു നഷ്ടപ്പെട്ടവയിൽ ഭൂരിഭാഗവും. വെള്ളത്തിൽ ഒഴുകിയ പുസ്തകങ്ങളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമായി.

പുസ്തകശാലയ്ക്ക് പുറത്ത് ആലിപ്പഴം വീണുകിടക്കുന്ന ദൃശ്യങ്ങളും വായനക്കാരിൽ സങ്കടമുണർത്തി. പുനരുപയോഗിത കടലാസുകളുടെ ഗുണക്കുറവ് പുസ്തകങ്ങളുടെ നാശത്തിന് കാരണമായെന്ന് കടയുടമ കൃഷ്ണ പറഞ്ഞു. പ്രിയപ്പെട്ട ചിത്രകഥാ പുസ്തകങ്ങളായ ആസ്റ്ററിക്സ്, ഒബലിക്സ് എന്നിവയും നശിക്കുകയുണ്ടായി.

വായനാലോകം പുസ്തകശാലയെ പിന്തുണയ്ക്കാൻ രംഗത്തെത്തിയിട്ടുണ്ട്. നനഞ്ഞ പുസ്തകങ്ങൾ വെയിലത്തുണക്കി കുറഞ്ഞ നിരക്കിൽ വിൽക്കാനുള്ള ശ്രമം നടക്കുന്നു. കഴിഞ്ഞ വർഷം കൊൽക്കത്തയിൽ നടന്ന ‘വെറ്റ് ബുക്ക് ഫെയർ’ പോലെ കേടുപാടുകൾ സംഭവിച്ച പുസ്തകങ്ങൾ വാങ്ങാൻ തയ്യാറാണെന്ന് ആയിരക്കണക്കിന് വായനക്കാർ സമ്മതം അറിയിച്ചിട്ടുണ്ട്. ബുക്ക് വേമിന്റെ തിരിച്ചുവരവിന് വായനക്കാരുടെ സ്നേഹവായ്പയാണ് പ്രതീക്ഷ.

Photo and News Source: Malayalam Express