തൊടുപുഴ: മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം നാളെയാണ് നടക്കുക. വര്‍ഷത്തിലൊരിക്കലുള്ള ഈ ഉത്സവത്തില്‍ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുക്കും.

ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍ തന്ത്രി സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് നിര്‍വ്വഹിക്കും. തമിഴ്‌നാട് ദേവസ്വം അധികൃതരും പൂജാ ചടങ്ങുകളില്‍ പങ്കെടുക്കും. കനത്ത മഴയെത്തുടര്‍ന്നുള്ള സാഹചര്യങ്ങളെ നേരിടാന്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അഭ്യര്‍ഥിച്ചു.

വൈകുന്നേരങ്ങളില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയെത്തുടര്‍ന്ന് ഉച്ചയോടെ തിരിച്ചുള്ള യാത്ര ഉറപ്പാക്കണമെന്ന് അദ്ദേഹം അറിയിച്ചു. ക്ഷേത്രത്തിലേക്കുള്ള വഴികള്‍ മഴയില്‍ അപ്രാപ്യമാകുമെന്നതിനാല്‍ ഭക്തരെ മുന്നറിയിപ്പ് നല്‍കി. സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് മുൻകൂട്ടി അനുമതി നേടണം. കുമളി ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ട്രിപ്പ് ജീപ്പുകള്‍ക്കും രാവിലെ 5.30 മുതല്‍ പ്രവേശനം അനുവദിക്കും. ഇരുചക്ര വാഹനങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു.

Photo and News Source: Janmabhumi