കണ്ണൂരിലെ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ല, സ്ഥാപനവത്കൃത കൊലയാണെന്ന് നടൻ പ്രേംകുമാർ ആരോപിച്ചു. ഈ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഒരു പാറ്റേൺ ആണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലും വിദ്യാലയങ്ങളിലും ചിലർക്ക് സ്വപ്നങ്ങളും പ്രത്യാശയും നൽകുമ്പോൾ മറ്റുള്ളവർക്ക് അപമാനവും അവഹേളനവും മാത്രം ലഭിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജാതി ചിന്ത പേറുന്ന മനസ്സുകൾ ഇപ്പോഴും തകർത്താടുന്നുവെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടു. മതം, ജാതി, വർഗം, വർണ്ണം എന്നിവയെ അടിസ്ഥാനമാക്കി മനുഷ്യരെ അളക്കുന്ന അളവുകോലുകൾ ഇന്ന് കൂടുതൽ മൂർച്ചയോടെ ഉപയോഗിക്കപ്പെടുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ജാതിയും മതവും കുലവും സാമ്പത്തികസ്ഥിതിയും പോലുള്ള കാരണങ്ങളാൽ മനുഷ്യരെ അവഹേലിക്കുന്നത് ക്രൂരമായ പ്രവർത്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഹിത് വെമുല, നിതിൻ രാജ് തുടങ്ങിയ പേരുകൾ ഇത്തരം അവഹേളനത്തിന്റെ ഇരകളായി മാറിയവരുടെ പട്ടികയാണെന്നും പ്രേംകുമാർ പറഞ്ഞു. പരിഷ്കൃത സമൂഹമെന്ന് വിശേഷിപ്പിക്കുന്ന നാം കെട്ടകാലത്തിന്റെ പ്രതീകമായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപമാനഭാരത്താൽ മുറിവേറ്റ മനസ്സുകൾ ആത്മഹത്യയിലോ കൊലയിലോ ആണ് അന്ത്യം കാണുന്നത്.
Photo and News Source: Samakalika Malayalam










