ആധുനിക ലോകത്ത് സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ലോകത്തെ വിരലിലെത്തിച്ച സാങ്കേതികവിദ്യ, ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിച്ചെങ്കിലും അശാസ്ത്രീയമായ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു വഴിതെളിക്കുന്നു.

ഇന്ത്യയിൽ ഒരു വ്യക്തി പ്രതിദിനം അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഇത് ഉത്പാദനക്ഷമതയെയും വ്യക്തിബന്ധങ്ങളെയും ഗണ്യമായി ബാധിക്കുന്നു. യാഥാർത്ഥ്യത്തിന്റെ പച്ചപ്പിനെക്കാൾ ഡിജിറ്റൽ ലോകത്തിന്റെ നിഴലുകളിൽ മുഴുകുന്ന കാലത്താണ് ഇന്ന് മനുഷ്യൻ ജീവിക്കുന്നത്.

ഇമോജികളിലൂടെ വികാരങ്ങളും ലൈക്കുകളിലൂടെ വ്യക്തിത്വങ്ങളും വിലയിരുത്തപ്പെടുന്നു. മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കാൻ രൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യ, പലപ്പോഴും അവരെ തമ്മിൽ അകറ്റുന്നു. ഡിജിറ്റൽ ലോകത്തിന്റെ മായാകാഴ്ചകളിൽ നഷ്ടമാകുന്ന ആരോഗ്യവും സമാധാനവുമാണ് സ്ക്രോളിംഗ് നിരന്തരം ചെയ്യുന്ന വിരലുകൾ നമുക്കു നൽകുന്നത്.

അല്‍ഗോരിതങ്ങളും സോഷ്യൽ മീഡിയയും നമ്മെ കാണാനും ചിന്തിക്കാനും നിർബന്ധിക്കുന്നു. സത്യവും അസത്യവും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നു. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ മാത്രം വീണ്ടും വീണ്ടും കാണുന്നതിലൂടെ ചിന്താഗതികൾ ഇടുങ്ങി വരുന്നു. സാങ്കേതികവിദ്യ വളരുന്നതോടെ മനുഷ്യൻ സ്വാഭാവിക സാമൂഹിക ബന്ധങ്ങളിൽ നിന്നും ആരോഗ്യകരമായ ശീലങ്ങളിൽ നിന്നും അകന്നുപോകുന്നു.

Photo and News Source: Siraj Live