കണ്ണൂർ, തൃശൂർ ജില്ലകളിൽ ഇടതുമുന്നണിയുടെ ഭരണത്തുടർച്ചയ്ക്ക് തിരഞ്ഞെടുപ്പ് വളരെ നിർണ്ണായകമാണ്. തൃശൂരിൽ 13 സീറ്റുകളിൽ 12 എൽഡിഎഫ് കൈവശമുള്ളപ്പോൾ, കണ്ണൂരിൽ 11ൽ 9 സീറ്റുകൾ ഇവരുടെ പക്കലുണ്ട്. എന്നാൽ, സി. പി. എമ്മിന്റെ മേധാവിത്വമുള്ള മണ്ഡലങ്ങളിലും കടുത്ത മത്സരം നേരിടേണ്ടി വരും. നിലവിലെ സിറ്റിംഗ് എം. എൽ. എമാർക്ക് ഇളക്കം തട്ടിയാൽ മൂന്നാമൂഴത്തിന് വിഘാതമാകുമെന്ന് പാർട്ടി നേതാക്കൾ ഭയപ്പെടുന്നു. 2000 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും യൂഡിഎഫിനുമായിരുന്നു തൃശൂരിലെ മേൽക്കൈ.
എന്നാൽ സമീപകാലത്ത് ഇടതുപക്ഷം ആധിപത്യം സ്ഥാപിച്ചു. 2016ലും 2021ലും യൂഡിഎഫിന് ഒരേ ഒരു സീറ്റേ ലഭിച്ചുള്ളൂ. ചാലക്കുടി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിച്ചു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, ഒല്ലൂർ, കയ്പമംഗലം, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ എന്നീ ഏഴ് മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കാൻ എൽഡിഎഫിന് കഴിയില്ലെന്നാണ് സൂചനകൾ.
Photo and News Source: Siraj Live








