ഫാർമസി മേഖലയിലെ ഉപരിപഠനം ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. മരുന്നുകളുടെ നിർമ്മാണം, സുരക്ഷാ പരിശോധന, ഗുണനിലവാര പരിശോധന, ഗവേഷണം എന്നിവ ഈ മേഖലയിൽ ഉൾപ്പെടുന്നു. മികച്ച ഫാർമസി കോളേജുകളിൽ പ്രവേശനം നേടുന്നതിന് നിപർ ജെ ഇ ഇ പരീക്ഷയാണ് വഴി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് (NIPER) നടത്തുന്ന ഈ പരീക്ഷയിലൂടെ ഹൈദരാബാദ്, ഹാജിപൂർ, മൊഹാലി, അഹമ്മദാബാദ്, കൊൽക്കത്ത, റായ്ബറേലി, ഗുവാഹത്തി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ എം ഫാം, എം എസ് (ഫാം), എം ബി എ (ഫാം), എം ടെക്, പി എച്ച് ഡി പോലുള്ള കോഴ്‌സുകളിൽ പ്രവേശനം ലഭിക്കും. ഈ വർഷത്തെ പ്രവേശനത്തിനായി മേയ് 16 വരെ അപേക്ഷിക്കാം. നിപർ മൊഹാലി കേന്ദ്രമാണ് ഈ വർഷത്തെ പരീക്ഷാ ചുമതല ഏറ്റെടുക്കുന്നത്.

ഫാർമസി ബിരുദ പരീക്ഷയിൽ 60 ശതമാനം മാർക്കും പട്ടികജാതി/വിഭാഗങ്ങൾക്ക് 55 ശതമാനവും ഭിന്നശേഷിക്കാർക്ക് 50 ശതമാനവും ആവശ്യമാണ്. നെറ്റ്/ജി പാറ്റ്/ഗേറ്റ്/തത്തുല്യ സ്‌കോറും ആവശ്യമാണ്. എം എസ് സി/ബി ടെക് വിഷയത്തിൽ വിജയിച്ചവർക്കും അർഹതയുണ്ട്. മെഡിക്കൽ/ഡെന്റൽ/ആയുർവേദ/വെറ്ററിനറി ബിരുദധാരികൾക്ക് ദേശീയ പരീക്ഷകളിലെ സ്‌കോർ ആവശ്യമില്ല. ജൂലൈ 31 നകം ഫൈനൽ സെമസ്റ്റർ പരീക്ഷ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം.

Photo and News Source: Siraj Live