പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 89.99 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹൂഗ്ലി, പൂർബ ബർധമാൻ ജില്ലകളിൽ 90 ശതമാനത്തിലധികം വോട്ടെടുപ്പ് നടന്നു. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും മത്സരിച്ച ഭവാനിപൂരടക്കം 142 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്.
ഒന്നാം ഘട്ടത്തിലെ 93.19 ശതമാന പോളിംഗ് റെക്കോർഡ് പുനരവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. എക്സിറ്റ് പോൾ ഫലങ്ങൾക്കായി മുന്നണികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
എന്നാൽ, പോളിംഗ് നടക്കുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. സൗത്ത് 24 പർഗാനസിലും ഭവാനിപൂരിലും സംഘർഷമുണ്ടായി. പൂർബ ബർധമാനിൽ ബോംബുകൾ കണ്ടെത്തിയതോടെ പരിഭ്രാന്തി വർദ്ധിച്ചു. കേന്ദ്രസേന വോട്ടർമാരെ മർദിക്കുന്നതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബിജെപി ഏജന്റിനെ ലക്ഷ്യമാക്കി തോക്കുമായി ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. വോട്ടെടുപ്പ് അവസാനിച്ചെങ്കിലും പലയിടങ്ങളിലും സംഘർഷാവസ്ഥ തുടരുന്നു.
Photo and News Source: Malayalam Express










