തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ഞായറാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്ന് കണക്കാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തുറസായ സ്ഥലങ്ങളിൽ നില്ക്കുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങളിൽ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുക. ജനലും വാതിലും അടച്ചിടുക. കെട്ടിടത്തിനു സമീപം നില്ക്കാതിരിക്കുക. മത്സ്യത്തൊഴിലാളികൾക്ക് കേരള-കര്ണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Photo and News Source: Samakalika Malayalam










