കോഴിക്കോട് ആസ്ഥാനമായുള്ള ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ (BMH) വിപുലീകരണത്തിനായി കെകെആർ (KKR) ₹1,750 കോടി രൂപ കൂടി നിക്ഷേപിച്ചു. റൈറ്റ്സ് ഇഷ്യൂ വഴിയാണ് ഈ തുക കൈമാറിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2024 ജൂലൈയിൽ ആദ്യമായി ഓഹരികൾ സ്വന്തമാക്കിയതിന് ശേഷം രണ്ടു വർഷത്തിനുള്ളിൽ കെകെആർ ബേബി മെമ്മോറിയലിൽ നടത്തിയ ആകെ നിക്ഷേപം ₹5,100 കോടി രൂപ കടന്നു.

നിലവിൽ ആശുപത്രിയുടെ ഏകദേശം 75% ഓഹരികളും കെകെആറിന്റെ കൈവശമാണെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. ബേബി മെമ്മോറിയൽ ഗ്രൂപ്പിനു കീഴിൽ അഞ്ച് ആശുപത്രികളും 50 ഓളം സെപ്ഷ്യാലിറ്റി വിഭാഗങ്ങളും 1,800-ൽ അധികം കിടക്കകളുമുണ്ട്. ദക്ഷിണേന്ത്യയിൽ ഒരു ഹോസ്പിറ്റൽ ശൃംഖല കെട്ടിപ്പടുക്കാനുള്ള ഭാഗമായി 2024 ജൂലൈയിൽ ₹2,100 കോടിയും, സെപ്റ്റംബറിൽ ₹1,261 കോടിയും നിക്ഷേപിച്ചിരുന്നു. ഡോ. കെ. ജി. അലക്സാണ്ടർ സ്ഥാപിച്ച ബേബി മെമ്മോറിയലിനെ വിപുലീകരിക്കാനുള്ള അടിത്തറയായാണ് കെകെആർ ഈ നിക്ഷേപം ഉപയോഗിക്കുന്നത്.

അടുത്തിടെ, പത്മശ്രീ ജേതാവായ ഗോപിചന്ദ് മന്നം സ്ഥാപിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള 'സ്റ്റാർ ഹോസ്പിറ്റൽസി'ന്റെ ഭൂരിഭാഗം ഓഹരികളും ബേബി മെമ്മോറിയൽ സ്വന്തമാക്കിയിരുന്നു. ഫോർട്ടിസ് ഹെൽത്ത്‌കെയറിനെ പിന്നിലാക്കിയാണ് ഈ കരാറുകൾ നടപ്പിലാക്കിയത്.

Photo and News Source: Dhanam