കൊച്ചി: ട്രെയിൻ യാത്രയ്ക്ക് മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിൽ നിൽക്കുന്നത് സാധാരണമാണ്. എന്നാൽ, ഇന്ത്യൻ റെയിൽവേയുടെ 'കറന്റ് അവൈലബിലിറ്റി' സംവിധാനം വഴി അവസാന നിമിഷം ടിക്കറ്റ് ഉറപ്പിക്കാൻ സാധിക്കും. ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് ആദ്യ ചാർട്ട് തയ്യാറാക്കിയ ശേഷവും ഒഴിവുള്ള സീറ്റുകൾ നേരിട്ട് ബുക്ക് ചെയ്യാം. വെയിറ്റിങ് ലിസ്റ്റോ ആർ.എ.സിയോ ഇല്ലാത്ത ഈ സംവിധാനത്തിൽ, ടിക്കറ്റ് ലഭ്യമാണെങ്കിൽ അത് നേരിട്ട് കൺഫേം ആകും.
ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മുതൽ അര മണിക്കൂർ മുൻപ് വരെ ഈ സൗകര്യം ലഭ്യമാണ്. ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേ സ്റ്റേഷനിലെ കൗണ്ടറുകളിലും നേരിട്ട് ആവശ്യപ്പെടാവുന്നതാണ്. സാധാരണ ടിക്കറ്റ് നിരക്കുതന്നെയാണ് ഈ സംവിധാനത്തിനും. ചില സാഹചര്യങ്ങളിൽ ഡിസ്‌കൗണ്ട് ലഭിക്കാനും സാധിക്കും. ട്രെയിൻ പുറപ്പെട്ടു കഴിഞ്ഞാൽ ഈ സംവിധാനം ലഭ്യമാകില്ല. ദീർഘദൂര ട്രെയിനുകളിൽ മാത്രമല്ല, എല്ലാ ട്രെയിനുകളിലും ഇത് പ്രയോജനപ്പെടുത്താം.
Photo and News Source: Sathyam Online







