ബോസ്റ്റണിൽ പ്രവർത്തിക്കുന്ന 'സ്കൈലൈൻ നേവ് എഐ' എന്ന സ്റ്റാർട്ടപ്പ് ജിപിഎസ് പരാജയപ്പെടുമ്പോൾ ഉണ്ടാകാവുന്ന ദുരന്തം തടയാൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഹാർവാർഡ് ബിരുദധാരിയും യുഎസ് ആർമി ഉദ്യോഗസ്ഥനുമായ കൻവർ സിങ്ങിന്റെ നേതൃത്വത്തിലാണ് ഈ സംരംഭം.

ജിപിഎസ് തകരാറിലായാൽ ആദ്യ 30 ദിവസത്തിനുള്ളിൽ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് 9.45 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്ന് കണക്കാക്കപ്പെടുന്നു. റഷ്യയോ ചൈനയോ ജിപിഎസ് ഉപഗ്രഹങ്ങളെ തകർക്കുകയോ ആണവായുധങ്ങൾ പരീക്ഷിക്കുകയോ ചെയ്താൽ ലോകം നൂറ്റാണ്ടുകൾ പിന്നോട്ട് പോകും. വിമാനങ്ങൾ കൂട്ടിയിടിക്കാനും അടിയന്തര സേവനങ്ങൾക്ക് വഴി തെറ്റാനും ഇത് കാരണമാകും.

'പാത്ത്ഫൈൻഡർ' എന്ന സാങ്കേതികവിദ്യ ജിപിഎസ്, വൈഫൈ, സെല്ലുലാർ സിഗ്നലുകളെ ആശ്രയിക്കാതെ തന്നെ കൃത്യമായ ദിശാനിർണയം സാധ്യമാക്കുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വിമാനങ്ങൾ, ആംബുലൻസ് തുടങ്ങിയവയുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന് കൻവർ സിങ് വ്യക്തമാക്കുന്നു.

Photo and News Source: Kvartha