ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ബുധനാഴ്ച നടക്കുന്നു. പശ്ചിമബംഗാളിലെ 142 മണ്ഡലങ്ങളിലായുള്ള വോട്ടെടുപ്പ് തൃണമൂൽ കോൺഗ്രസിന്റെ നെടുങ്കോട്ടയാണ്. ഈ പ്രദേശങ്ങൾ നിലനിർത്താൻ അവർ ശ്രദ്ധിക്കുമ്പോൾ, ബി.ജെ.പി. അവിടെ അട്ടിമറി വിജയം നേടാനുള്ള ശ്രമത്തിലാണ്. വടക്കൻ ജില്ലകളെ അപേക്ഷിച്ച് ഇവിടെ ബൂത്തുതല ശക്തി കുറവായതും ന്യൂനപക്ഷവോട്ടുകളുടെ നിർണായക സ്വഭാവവും ബി.ജെ.പി.ക്ക് വെല്ലുവിളിയാണ്.

ഭരണവിരുദ്ധ വികാരവും ഹിന്ദു ധ്രുവീകരണ തരംഗവും ഒരുമിച്ച് ഉണ്ടായാൽ മാത്രമേ ബി.ജെ.പി.ക്ക് വിജയിക്കാൻ സാധിക്കൂ. ഈ അനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ അവർ പ്രചാരണം കൊഴുപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിൽ തുടർച്ചയായി റാലികളിലും റോഡ് ഷോകളിലും പങ്കെടുത്തു. യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വശർമ്മ തുടങ്ങിയ മുഖ്യമന്ത്രിമാർ ഹിന്ദുത്വ പ്രചാരണത്തിന് മുൻകൈയെടുത്തു. പ്രധാനമന്ത്രി മോദിയുടെ ഹൂഗ്ളി നദീ യാത്രയും അമിത് ഷായുടെ ഗംഗാസാഗർ സന്ദർശനവും ബംഗാളി സ്വത്വത്തോടുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു. പ്രസംഗങ്ങൾ തുടങ്ങാൻ ബി.ജെ.പി. നേതാക്കൾ 'ജയ് മാ കാളി', 'ജയ് മാ ദുർഗ' എന്ന പ്രയോഗങ്ങൾ ഉപയോഗിച്ചു.

Photo and News Source: Mathrubhumi