തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ പുതുവര്‍ഷത്തിലെ അഞ്ചാമത്തെ കുഞ്ഞ് എത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.10-നായിരുന്നു കുഞ്ഞിന്റെ വരവ്. പത്തുദിവസം പ്രായമുള്ള ആ കുരുന്നിന് 'റിഥം' എന്ന പേരിട്ടിരിക്കുന്നു. സമിതിയിലെ സുരക്ഷാ ക്യാബിനിലും നഴ്സിംഗ് സ്റ്റേഷനിലും അലാറം മുഴങ്ങിയതോടെ ജീവനക്കാര്‍ വിവരം അറിഞ്ഞു. നഴ്സ് അശ്വതി, സുരക്ഷാജീവനക്കാരായ പ്രസാദും വിനോദും ചേര്‍ന്ന് കുഞ്ഞിനെ ഏറ്റെടുത്തു. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2.4 കിലോഗ്രാം തൂക്കമുള്ള റിഥം പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
2025-ൽ സംസ്ഥാനത്തെ അമ്മത്തൊട്ടിലിലൂടെ 45 കുട്ടികളും തിരുവനന്തപുരം അമ്മ കരുതലില്‍ അഞ്ചു കുട്ടികളുമാണ് ലഭിച്ചത്. പുതുവര്‍ഷത്തില്‍ കോഴിക്കോട് 4, ആലപ്പുഴ 2, കൊല്ലം 1 എന്നിങ്ങനെ കുട്ടികളുടെ വരവുണ്ടായി. ഈവർഷം 33 കുട്ടികളുടെ ദത്തെടുക്കല്‍ നടപടികളും സമിതി പൂര്‍ത്തിയാക്കി. റിഥത്തിന്റെ ദത്തെടുക്കല്‍ ഉടന്‍ ആരംഭിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി വ്യക്തമാക്കി. കുഞ്ഞിനെക്കുറിച്ച് ആര്‍ക്കെങ്കിലും അവകാശമുണ്ടെങ്കിൽ സമിതിയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.
Photo and News Source: Samakalika Malayalam










