കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തീവ്രമായിരിക്കെ, എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ ഐപിഎസ് ഓഫീസർ അജയ് പാൽ ശർമ്മ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാനെ ലക്ഷ്യമാക്കി കർശന മുന്നറിയിപ്പ് നൽകി.
ഫാൽട്ട മണ്ഡലത്തിലെ ടിഎംസി സ്ഥാനാർത്ഥിയായ ജഹാംഗീർ ഖാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയെ തുടർന്നാണ് ശർമ്മ സ്ഥലത്തെത്തിയത്. ആദ്യം പോലീസ് സഹായം ലഭിക്കാതിരുന്നെങ്കിലും പിന്നീട് നടത്തിയ തിരച്ചിലിൽ ജഹാംഗീറിന്റെ വീട് കണ്ടെത്തി. വീട്ടിൽ ഉണ്ടായിരുന്ന ബന്ധുക്കളോടാണ് ശർമ്മ തന്റെ നിലപാട് വ്യക്തമാക്കിയത്.
“ജനങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതികൾ വന്നാൽ ഞങ്ങൾ കർശന നടപടി എടുക്കും. വോട്ടർമാരെ ഉപദ്രവിക്കാനോ ക്രമക്കേടുകൾ കാണിക്കാനോ ശ്രമിച്ചാൽ കടുത്ത നടപടി ഉണ്ട്,” എന്ന് ശർമ്മ വ്യക്തമാക്കി. ജഹാംഗീറിന്റെ ആളുകൾ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതികൾ ആവർത്തിക്കുന്നുവെന്നും ഇനി ഇത്തരം പ്രവർത്തനം തുടരുകയാണെങ്കിൽ ഗൗരവമായി കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജഹാംഗീറിന്റെ വീട്ടിൽ 14 പോലീസുകാരെ വിന്യസിച്ചതായി ശർമ്മ കണ്ടെത്തി. യ-കാറ്റഗറി സുരക്ഷയാണെന്നും 10 പേരെയേ അനുവദിച്ചിട്ടുള്ളൂവെന്നും പോലീസ് അറിയിച്ചു. അനുവദിച്ചതിലും കൂടുതൽ പോലീസുകാരെ വിന്യസിച്ചതിൽ പ്രശ്നമുണ്ടെന്ന് ശർമ്മ സൂചിപ്പിച്ചു.
Photo and News Source: Janmabhumi










