ഗാങ്‌ടോക്കിലെ പാല്‍ജോര്‍ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ അൻപതാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. 4,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
നാംചി ജില്ലയിലെ യംഗാങ്ങിൽ 100 ബെഡുകളുള്ള ആയുർവേദ ആശുപത്രിയുടെ തറക്കല്ലിടലും, ദേവരാലിയിൽ 30 ബെഡുകളുള്ള ഇന്റഗ്രേറ്റഡ് സോവ റിഗ്പ ആശുപത്രിയുടെ ഉദ്ഘാടനവും അദ്ദേഹം നടത്തി. ഗാങ്‌ടോക്കിലെ ഹെലൻ ലെപ്ച മെഡിക്കൽ കോളേജും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.
യംഗാങ്ങിലെ സിക്കിം യൂണിവേഴ്‌സിറ്റിയുടെ സ്ഥിരം കാമ്പസ്, ചകുങ്ങിലെ നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി ഓഫ് എക്‌സലൻസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഗ്യാല്‍ഷിംഗ് ജില്ലയിലെ ഡെന്റം പ്രൊഫഷണൽ കോളേജ് എന്നിവയും ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, ഊർജ്ജം, നഗരവികസനം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ സിക്കിമിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് കേന്ദ്രസർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ ഭാഗമാണ് ഈ പദ്ധതികൾ. സംസ്ഥാനത്തെ പരമ്പരാഗത ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ഈ സ്ഥാപനങ്ങൾ സഹായിക്കും.
Photo and News Source: Sathyam Online










