മെക്സിക്കോ സിറ്റി : രാജ്യത്തെ ഏറ്റവും ശക്തമായ ക്രിമിനൽ സംഘടനയായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (സിജെഎൻജി) ഉന്നത നേതാവ് ഓഡിയസ് ഫ്ലോറസ് സിൽവയെ മെക്സിക്കൻ സൈന്യം അറസ്റ്റ് ചെയ്തു. 5 മില്യൺ ഡോളർ ഇനാമുള്ള ഈ നേതാവിനെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നാണ് പിടികൂടിയത്. കൊല്ലപ്പെട്ട നേതാവ് എൽ മെൻചോയുടെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്ന ഫ്ലോറസ് സിൽവ, ശക്തമായ കാർട്ടൽ ശൃംഖല പുനർനിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരുന്നു.
മാസങ്ങൾക്ക് മുമ്പ് നടന്ന എൽ മെൻചോയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തുടനീളം വ്യാപകമായ അക്രമത്തിന് പ്രേരണ നൽകിയതിൽ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു. കാർട്ടൽ ഗുണ്ടകൾ നടത്തിയ ആക്രമണങ്ങളിൽ 70ലധികം പേർ കൊല്ലപ്പെട്ടു. റോഡുകൾ തടയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്ത സംഭവങ്ങൾ അക്രമത്തിന്റെ തീവ്രതയെ വെളിപ്പെടുത്തി.
ഫ്ലോറസ് സിൽവയെ നയരിറ്റ് സംസ്ഥാനത്തെ എൽ മിറാഡോർ കമ്മ്യൂണിറ്റിക്ക് സമീപമുള്ള റോഡരികിലെ കിടങ്ങിൽ ഒളിച്ചിരിക്കെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ ആരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തില്ല. ഇദ്ദേഹത്തിന്റെ പിടിയിലൂടെ കാർട്ടലിന്റെ ശക്തി കുറയുമെന്ന് മെക്സിക്കൻ അധികാരികൾ കണക്കുകൂട്ടുന്നു.
Photo and News Source: Janmabhumi










