ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ദിയാനാലി ഗ്രാമത്തിൽ നിന്നുള്ള ജിതു മുണ്ടയ്ക്ക് തന്റെ മരിച്ച സഹോദരി കക്ര മുണ്ടയുടെ ബാങ്ക് അക്കൗണ്ടിലുള്ള 19,300 രൂപ പിൻവലിക്കാൻ ബാങ്കിനെ സമീപിച്ചു. അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകണമെന്നും നിയമപരമായ രേഖകള്‍ കാണിക്കണമെന്നും ബാങ്ക് നിരസിച്ചു. വിദ്യാഭ്യാസമില്ലാത്ത ആദിവാസി വിഭാഗത്തിൽപ്പെട്ട ജിതുവിന് മരണ സർട്ടിഫിക്കറ്റോ പിന്തുടർച്ചാവകാശ രേഖകളോ ഉണ്ടായിരുന്നില്ല. ഇതോടെ അദ്ദേഹം നിരാശനായി.

തിങ്കളാഴ്ച ജിതു ശ്മശാനത്തിലേക്ക് പോയി. അവിടെ നിന്ന് സഹോദരിയുടെ അവശിഷ്ടങ്ങൾ കുഴിച്ചെടുത്ത് അസ്ഥികൂടം തുണിയില്‍ പൊതിഞ്ഞ് മൂന്നു കിലോമീറ്റർ നടന്ന് ബാങ്കിലേക്ക് എത്തി. ജിതുവിന്റെ ഈ നടപടി കണ്ട് നാട്ടുകാർ സ്തബ്ധരായി. ചിലർ പൊട്ടിക്കരഞ്ഞപ്പോൾ മറ്റുള്ളവർ ബാങ്കിനെതിരെ രോഷാകുലരായി. ‘ഒരു പാവപ്പെട്ടവന് സ്വന്തം പണം കിട്ടാന്‍ ഇത്ര ബുദ്ധിമുട്ടാണോ?’ എന്ന് നാട്ടുകാർ ചോദിച്ചു. ബാങ്കിന്റെ സംവേദനക്ഷമതയില്ലായ്മയെ അവർ കുറ്റപ്പെടുത്തി.

Photo and News Source: Newsthen