ദുബായ് : ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് അക്രമപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച 100-ലേറെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ യുഎഇ അടച്ചുപൂട്ടി. ദുബായിലെ അറ്റ്‌ലാന്റിസ് ദ പാം ഹോട്ടലിൽ നടന്ന ഗൾഫ് ഇൻഫ്ലുവൻസേഴ്‌സ് ഉച്ചകോടിയിൽ യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുത്തി അൽ ഹമദ് ഈ വിവരം പ്രഖ്യാപിച്ചു.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ ഒപ്പുവെച്ച പെരുമാറ്റച്ചട്ട കരാർ ലംഘിച്ചതിനാലാണ് നടപടി. ഭരണകൂടങ്ങളും മതങ്ങളും പൊതുമൂല്യങ്ങളും ബഹുമാനിക്കുമെന്ന് കരാർ ഉറപ്പുനൽകുന്നു. ബ്ലോക്ക് ചെയ്ത അക്കൗണ്ടുകൾ ഏതെങ്കിലും ഒരു രാജ്യത്തിൽ നിന്നുള്ളവ മാത്രമല്ലെന്നും സമാധാനത്തെ തകർക്കുന്ന രീതിയിലുള്ള ഇടപെടലുകളായിരുന്നു അവയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ചെറിയ തർക്കങ്ങൾ ആഘോഷിക്കുന്നതിനുപകരം അവിടെ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാൻ പ്രാദേശിക മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഖത്തർ ലോകകപ്പും ദുബായ് വിമാനത്താവളത്തിന്റെ നേട്ടങ്ങളും ഗൾഫ് രാജ്യങ്ങളുടെ യഥാർഥ ചിത്രം ലോകത്തിന് കാണിക്കുന്ന ഉദാഹരണങ്ങളാണെന്ന് ഡോ. സാദ് ബിൻ തഫ്‌ല അൽ അജ്മി അഭിപ്രായപ്പെട്ടു.
ഗൾഫ് രാജ്യങ്ങൾ മരുഭൂമിയും എണ്ണയും മാത്രമല്ലെന്നും സമ്പന്നമായ സംസ്കാരവും ജനവൈവിധ്യവുമുള്ള പ്രദേശങ്ങളാണെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്തവർ ben അഭിപ്രായപ്പെട്ടു.
Photo and News Source: Mathrubhumi









