കാസർകോട് ജില്ലയിൽ ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റിവ് പദ്ധതി പ്രാബല്യത്തിൽ വരുത്തുന്നതിനായി സന്നദ്ധ സംഘടനകളുടെ കോയലിഷൻ മീറ്റിംഗ് കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യ കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബി സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം പി ജീജ അധ്യക്ഷത വഹിച്ചു.
വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ സന്തോഷ് ക്ലാസെടുത്തു. നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന നാഡീ വൈകല്യങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുജനങ്ങളിൽ ഇത്തരം രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും, ആശാസ്ത്രീയ ചികിത്സാ രീതികളുടെ ഉപയോഗവും രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിൽ തടസ്സമുണ്ടാക്കുന്നു.
യുവജനങ്ങൾക്കിടയിൽ പക്ഷാഘാതം കൂടിവരുന്നതും ഈ പദ്ധതിയുടെ ആവശ്യകതയെ എടുത്തുകാണിക്കുന്നു. നീതി ആയോഗിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 12 ആസ്പിരേഷൻ ജില്ലകളിലെ ഏക കേരള ജില്ലയാണ് കാസർകോട്. നീതി ആയോഗ്, ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവ സംയുക്തമായി ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവ് കാസർകോട് എന്ന പേരിൽ ക്യാമ്പയിൻ നടത്തുന്നു.
Photo and News Source: Kerala Online News










