ബമാകോ: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ പ്രധാന സൈനിക കേന്ദ്രമായ കാത്തിയിലെ വസതിക്ക് നേരെ അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടന ആക്രമണം നടത്തി. ഈ ആക്രമണത്തിൽ മാലിയുടെ പ്രതിരോധ മന്ത്രി സാദിയോ കമാര കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഫ്രഞ്ച് റേഡിയോയും മന്ത്രിയുടെ ബന്ധുക്കളും മരണം സ്ഥിരീകരിച്ചെങ്കിലും മാലി സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അൽ ഖ്വയ്ദയുമായി ബന്ധമുള്ള ജെ.എൻ.ഐ.എം, ടുവാരെഗ് വിമത ഗ്രൂപ്പായ എഫ്.എൽ.എ എന്നിവർ ചേർന്ന് സംയുക്തമായി ആക്രമണം നടത്തിയതാണ്. സമീപകാലത്ത് മാലി നേരിട്ട ഏറ്റവും വലിയ ഏകോപിത ഭീകരാക്രമണമാണിതെന്ന് നയതന്ത്രജ്ഞർ വിലയിരുത്തുന്നു. കാത്തിയിലെ സൈനിക താവളം, ബമാകോ വിമാനത്താവളം, മോപ്തി, സെവാരെ, ഗാവോ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും ഒരേസമയം ആക്രമണമുണ്ടായി.
മുമ്പ് വിമതരുടെ കോട്ടയായിരുന്ന കിദാൽ നഗരം എഫ്.എൽ.എ തിരിച്ചുപിടിച്ചതായി അവകാശപ്പെട്ടു. അവിടെ ഉണ്ടായിരുന്ന റഷ്യൻ സൈനികർക്ക് നഗരം വിട്ടുപോകാൻ അവസരം നൽകിയതായും റിപ്പോർട്ടുകളുണ്ട്. മാലിയിലെ സൈനിക ഭരണകൂടത്തിന്റെ നേതാവും റഷ്യയുമായുള്ള സൈനിക സഹകരണത്തിന്റെ മുഖ്യ സൂത്രധാരനുമായിരുന്നു സാദിയോ കമാര. 2020-21 അട്ടിമറികൾക്ക് ശേഷം പടിഞ്ഞാറൻ രാജ്യങ്ങളെ പുറന്തള്ളി റഷ്യയുമായി അടുക്കാൻ മാലിയെ പ്രേരിപ്പിച്ചത് കമാരയായിരുന്നു. റഷ്യൻ കൂലിപ്പടയാളികളായ ആഫ്രിക്ക കോർപ്സ് ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പലർക്കും പരിക്കേറ്റതായി റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
Photo and News Source: Kerala Online News










