ആലപ്പുഴ: അടിയന്തര വാഹനങ്ങൾക്ക് നിരത്തുകളിൽ മുൻഗണന നൽകണമെന്ന് മോട്ടോർവാഹനവകുപ്പ് ആവശ്യപ്പെടുന്നു. ജീവന്റെ വിലയുള്ള സെക്കൻഡുകളാണെന്നും ഡ്രൈവറുടെ ചെറിയ അശ്രദ്ധ വലിയ ദുരന്തത്തിന് ഇടയാക്കുമെന്നും എം.വി.ഡി. മുന്നറിയിപ്പ് നൽകുന്നു. സാമൂഹിക മാധ്യമങ്ങളിൽ ബോധവത്കരണ വീഡിയോകളിലൂടെ ഈ പ്രചാരണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
അടിയന്തര വാഹനങ്ങൾക്ക് വഴി നൽകാത്ത സംഭവങ്ങൾ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം തൂറവൂർ താലൂക്ക് ആശുപത്രിയിൽ തീപ്പിടിത്തമുണ്ടായപ്പോൾ അഗ്നിരക്ഷാവാഹനത്തിന് വഴി നല്കാത്ത കാറിന്റെ വീഡിയോ വലിയ ചർച്ചയായിരുന്നു. ഇതോടെ ഡ്രൈവർമാർക്ക് ഓരോ സെക്കൻഡിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ബോധവത്കരണ വീഡിയോ പുറത്തിറക്കി.
ആശുപത്രിയിലെ തീപ്പിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിരക്ഷാസേനയ്ക്ക് വഴി നല്കാത്ത സംഭവത്തെത്തുടർന്ന് വാഹന ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ആറുമാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും എടപ്പാളിലെ പരിശീലന കേന്ദ്രത്തിൽ റോഡുസുരക്ഷാ ക്ലാസിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കുന്നു.
Photo and News Source: Mathrubhumi







