കേരളം ഇപ്പോൾ രണ്ട് പ്രധാന പ്രശ്നങ്ങളെ നേരിടുന്നു. ഒന്ന്, ചൂടിന്റെ റെക്കോർഡുകൾ തകർക്കുന്ന അത്യുഷ്ണവും ഉഷ്ണതരംഗവുമാണ്. മറുവശത്ത്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ജനവാസ മേഖലകളിൽ പാമ്പുകടി മരണങ്ങൾ വർദ്ധിച്ചു വരുന്നു. ഒരാഴ്ചയായി സംസ്ഥാനത്ത് നാല് പേർ പാമ്പുകടിയേറ്റ് മരിച്ചു. തൃശൂർ, തിരുവനന്തപുരം, കായംകുളം, കുട്ടനാട് എന്നിവിടങ്ങളിലാണ് ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. വിഷബാധയേറ്റ് ആശുപത്രികളിൽ ചികിത്സയിലിരിക്കുന്നവരുമുണ്ട്. കൃഷിയിടങ്ങളിലും കാടിനോട് ചേർന്ന പ്രദേശങ്ങളിലും പാമ്പുകളുടെ ശല്യം സാധാരണമായിരുന്നു.
എന്നാൽ സമീപകാല മരണങ്ങളിൽ ഭൂരിഭാഗവും വീട്ടിനുള്ളിലോ പരിസരങ്ങളിലോ നടന്നതാണ് ജനങ്ങളെ അമ്പരപ്പിക്കുന്നത്. ഉയർന്ന സാക്ഷരതയുള്ള കേരളത്തിൽ വീട്ടിലെ കിടപ്പുമുറിയിലിരിക്കുമ്പോൾ കുട്ടിക്ക് പാമ്പുകടിയേൽക്കുന്നത് കൂടുതൽ അപകടകരമാണ്. വീടുകളിലെ ചെറിയ ദ്വാരങ്ങൾ, വിടവുകൾ, തുറന്ന ജനലുകൾ എന്നിവയിലൂടെ പാമ്പുകൾ അകത്തേക്ക് കടക്കുന്നു. ഉഷ്ണം താങ്ങാനാവാതെ ജനലുകൾ തുറന്നിടുന്നത് പാമ്പുകളുടെ പ്രവേശനത്തിന് കാരണമാകുന്നു. പായ വിരിച്ചുറങ്ങുന്ന പതിവും അപകടകരമാണ്.
Photo and News Source: Siraj Live







